അമതെരസ് —അതിയൂർജ്ജമുള്ള കോസ്മിക് രശ്മി

ജപ്പാൻകാർ ആരാധിക്കുന്ന സൂര്യദേവത അമതേരസു എന്ന പേരിൽ അറിയപ്പെടുന്നു (ചിത്രം 1 കാണൂ). അമതേരസുവിന് തന്റെ സഹോദരനായ സൂസാനോവോയിൽ ജനിച്ച എട്ടു പുത്രന്മാരിൽ മൂത്തയാളാണ് ജപ്പാൻ രാജവംശത്തിന്റെ സ്ഥാപകനെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ, ഇന്നു് ഈ പേരിൽ ലോകം മുഴുവനും അറിയപ്പെടുന്നതു് അത്യധികം ഊർജ്ജവുമായി ഭൂമിയിലെത്തിയ, അതായതു് ഇതുവരെ കണ്ടിട്ടുള്ളതിൽവച്ചു് ഏറ്റവുമധികം ഊർജ്ജമുള്ള രണ്ടാമത്തെ കോസ്മിക രശ്മിയാണു്. ഇതു കണ്ടെത്തിയ ജാപ്പനീസ് ശാസ്ത്രജ്ഞനാണു് ആ കണത്തിനു് അമതേരാസു എന്ന പേരു നൽകിയതു്. അതിന്റെ കഥ നമുക്കു് പരിശോധിക്കാം.

ചിത്രം 1: അമതേരാസു ഗുഹയിൽനിന്നു് പുറത്തു വരുന്നു. (കടപ്പാടു്: Utagawa Kunisada (歌川国貞; b. 1786, d. 1865), Public domain, via Wikimedia Commons)


ജാപ്പനീസ് ശാസ്ത്രജ്ഞർ അത്യധികം ഊർജ്ജമുള്ള ഒരു കോസ്മിക് കിരണം കണ്ടെത്തിയതായുള്ള മാദ്ധ്യമറിപ്പോർട്ട് നിങ്ങൾ കണ്ടിരിക്കാംi. ജപ്പാനിലെ ഒസാക്ക മെട്രോപൊളിറ്റൻ യൂണിവേഴ്‌സിറ്റിയിലെ (Osaka Metropolitan University) ജ്യോതിശാസ്ത്രജ്ഞനായ തോഷിഹിറോ ഫുജീ (Toshihiro Fujii) അമേരിക്കയിലുള്ള യൂട്ടായിലെ (Utah) ടെലിസ്‌കോപ്പ് അറേ പ്രോജക്റ്റിൽ (Telescope Array Project) ഒരു പതിവ് ഡാറ്റാ പരിശോധന നടത്തുകയായിരുന്നു. അപ്പോഴാണു് ഭൂമിയിൽ ഒരു പുതിയ കോസ്മിക് രശ്മി പതിച്ചതിന്റെ വിവരങ്ങൾ അദ്ദേഹം കണ്ടതു്. ഇത് ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് രണ്ടാമത്തെ ഏറ്റവും ഉയർന്ന ഊർജ്ജമുള്ള കോസ്മിക് കിരണമാണെന്നവർ കണ്ടെത്തി. ഇതിന് ഏകദേശം 240 എക്സാ-ഇലക്ട്രോൺ വോൾട്ട് (EeV, 1 EeV = 1018 eV) ഊർജ്ജം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു, അതായത്, 240 ന് ശേഷം 18 പൂജ്യങ്ങൾ ഇടുമ്പോൾ കിട്ടുന്ന സംഖ്യ! ഇതിന് ജാപ്പനീസ് ദേവതയുടെ പേരായ “അമതേരാസു” ആണ് ഇട്ടത്. ഇതിന്റെ ഒരു വിസ്മയിപ്പിക്കുന്ന പ്രത്യേകത എന്തെന്നാൽ, അതു് എത്തിയ ദിശയിലേക്കു് നോക്കിയാൽ അവിടെ യാതൊന്നും കാണാനില്ല എന്നതാണ്, അതായത്, അതു വന്നത് പ്രപഞ്ചത്തിൽ ഒന്നും കാണാനില്ലാത്ത ശൂന്യമായ ഒരു ഭാഗത്തുനിന്നാണ് എന്നാണ് തോന്നുക. ഈ കണത്തിന് “കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളിൽ കാണാത്ത അഭൂതപൂർവമായ ഊർജ്ജം കണ്ടതിനാൽ ഒരു തെറ്റ് സംഭവിച്ചിട്ടുണ്ടെന്നാണ് ഞാൻ കരുതിയത്” എന്നാണു് ഫ്യൂജീ പറഞ്ഞതു്. “ടീമിന്റെ തിരച്ചിൽ ഏതെങ്കിലും വിധത്തിൽ ഉപേക്ഷിച്ചതാകാം. ഉദാഹരണത്തിന്, അത് വ്യതിചലിക്കുന്ന ശക്തമായ കാന്തികക്ഷേത്രത്തിലൂടെ കടന്നുപോകാൻ സാധ്യതയുണ്ട് അല്ലെങ്കിൽ ഇതുവരെ ആരും തിരിച്ചറിഞ്ഞിട്ടില്ലാത്ത അത്തരം കണങ്ങളെ ഉൽപ്പാദിപ്പിക്കാൻ കഴിവുള്ള ജ്യോതിർഭൗതിക വസ്തുക്കളുണ്ട്. അല്ലെങ്കിൽ, അത്തരം ഉയർന്ന ഊർജ്ജത്തിലുള്ള കണികാ ഭൗതികശാസ്ത്രം, കണികാ ആക്സിലറേറ്ററുകളിൽ നിന്ന് വേർതിരിച്ചെടുത്തതിൽ നിന്ന് വ്യത്യസ്തമായിരിക്കും. ആളുകൾ ‘ഭ്രാന്തമായ ആശയങ്ങളുമായി’ വരുന്നു, സഹരചയിതാവ് ജോൺ ബെൽസ് പറയുന്നു, “ഒരു പരമ്പരാഗത വിശദീകരണം ഇല്ല.”

1991-ൽ അമേരിക്കൻ ഐക്യനാടുകളിലെ യൂട്ടായിലെ ഡഗ്‌വേ പ്രൂവിംഗ് ഗ്രൗണ്ടിലുള്ള (Dugway Proving Ground) ഫ്ലൈസ് ഐ (Flies Eye) ക്യാമറയിൽ നടത്തിയ ഒരു നിരീക്ഷണത്തിൽ, 320 EeV എനർജി ഉള്ള മറ്റൊരു സൂപ്പർ എനർജി കോസ്‌മിക് റേ കാണിച്ചു, അത് ഇന്നുവരെ നിരീക്ഷിച്ചിട്ടുള്ള ഏറ്റവും ഉയർന്ന ഊർജ്ജ കോസ്മിക് കിരണമായി തുടരുന്നു. അതിന്റെ ഊർജ്ജം ഏകദേശം 100 കി.മീ/മണിക്കൂറിൽ സഞ്ചരിക്കുന്ന 140-ഗ്രാം പിണ്ഡമുള്ള വസ്തുവിനോട് താരതമ്യപ്പെടുത്താവുന്നതാണ്. അവർ അതിനെ ഓ-ദൈവമേ കണിക (Oh-my-God particle) എന്ന് വിളിച്ചു.

ബഹിരാകാശത്ത് നിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വരുന്ന വികിരണങ്ങളാണ് കോസ്മിക് കിരണങ്ങൾ. 1912-ൽ) ബലൂൺ പരീക്ഷണങ്ങളിലൂടെയാണ് ഓസ്ട്രിയൻ-അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായ വിക്ടർ ഹെസ് (Victor Franz Hess, 1883–1964) കോസ്മിക് കിരണങ്ങൾ കണ്ടെത്തിയത്. അതിന് അദ്ദേഹത്തിന് 1936-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബെൽ സമ്മാനം ലഭിക്കുകയും ചെയുതു. കോസ്മിക് കിരണങ്ങളിൽ ഉയർന്ന ഊർജ്ജമുള്ള കണങ്ങളും കണങ്ങളുടെ കൂട്ടങ്ങളും അടങ്ങിയിരിക്കുന്നു. അവയിൽ പ്രോട്ടോണുകളും (അതായത്, ഹൈഡ്രജൻ പരമാണുക്കളുടെ കേന്ദ്രങ്ങളും) ആൽഫ കണങ്ങളും (അതായത്, ഹീലിയം പരമാണുക്കളുടെ കേന്ദ്രങ്ങളും) ഉൾപ്പെടുന്നു.

കോസ്മിക് രശ്മികളെ രണ്ട് തരങ്ങളായി തിരിക്കാം: നമ്മുടെ നക്ഷത്രസമൂഹത്തിലും സമീപത്തുംലും ഉത്ഭവിക്കുന്നവയും (അവയെ ഗാലാക്ടിക് കോസ്മിക് രശ്മികൾ എന്നു വിളിക്കുന്നു) കൂടാതെ സൂര്യൻ പുറത്തുവിടുന്ന ഉയർന്ന ഊർജ്ജമുള്ള കണങ്ങളും (പ്രധാനമായും പ്രോട്ടോണുകൾ), പ്രാഥമികമായി സൗര സ്‌ഫോടനങ്ങളിലാണ് അവ ഉത്ഭവിക്കുന്നത്. ആധുനികകാലത്ത് ഉയർന്ന ഊർജ്ജമുള്ള സൗരകണങ്ങൾ (Solar energetic particles, SEP) എന്ന പേരിലാണ് അറിയപ്പെടുന്നത്. ഹീലിയത്തിന്റെയും ഹൈഡ്രജൻ പരമാണുകേന്ദ്രത്തിന്റെയും പിണ്ഡ അനുപാതം (അതായത്, നിലവിലുള്ള ഹൈഡ്രജന്റെയും ഹീലിയത്തിന്റെയും പിണ്ഡങ്ങളുടെ അനുപാതം) ഏകദേശം 28:100 ആണ്, അതായത് കോസ്മിക് കിരണങ്ങളിലെ ഓരോ നൂറ് ഗ്രാം പ്രോട്ടോണുകൾക്കും ഏകദേശം 28 ഗ്രാം ആൽഫ കണികകൾ ഉണ്ടാകും. ആദിമകാലത്തെ ബഹിരാകാശത്തെ ഹീലിയത്തിന്റെയും ഹൈഡ്രജന്റെയും സമൃദ്ധിക്കു സമാനമാണ് ഈ അനുപാതം.

ഭൂമിയിൽ നിരന്തരം പതിക്കുന്ന കൂടിയ ഊർജ്ജമുള്ള കണങ്ങളുടെ, സാവധാനം മാറിക്കൊണ്ടിരിക്കുന്ന, പ്രവാഹമാണ് ഗാലക്‌റ്റിക് കോസ്മിക് കിരണങ്ങൾ (GCR). സൗരയൂഥത്തിന് പുറത്ത് ഉത്ഭവിക്കുന്നതും സൂപ്പർനോവ വിസ്ഫോടനം പോലുള്ള സംഭവങ്ങളിൽ രൂപപ്പെടുന്നതുമാണ് അവ. (വലിയ പിണ്ഡമുള്ള നക്ഷത്രങ്ങൾക്ക് അന്ത്യകാലത്ത് സംഭവിക്കുന്നതാണ് സൂപ്പർനോവ വിസ്ഫോടനം.) GCRന്റെ ഏകദേശം 89% വരുന്നത് ഹൈഡ്രജനാണെങ്കിലും, ചെറിയ അളവിൽ മാത്രം കാണപ്പെടുന്ന യുറേനിയം വരെ എല്ലാ മൂലകങ്ങളും ഈ ഉയർന്ന ഊർജ്ജമുള്ള കണങ്ങളിൽ അടങ്ങിയിരിക്കുന്നു. ഈ ന്യൂക്ലിയസുകൾ പൂർണ്ണമായും അയണീകൃതമാണ്. അതായത് എല്ലാ ഇലക്ട്രോണുകളും ഈ ആറ്റങ്ങളിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. ഇക്കാരണത്താൽ, ഈ കണങ്ങൾ കാന്തികക്ഷേത്രങ്ങളുമായി പ്രതിപ്രവർത്തിക്കുകയും അതുമായി സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു. സൂര്യന്റെ ശക്തമായ കാന്തികക്ഷേത്രങ്ങൾ ഭൂമിയിലെത്തുന്ന GCRന്റെ സ്പെക്ട്രത്തിൽ മാറ്റം വരുത്തുന്നുണ്ട്.

ഏകദേശം 3 കിലോമീറ്ററിനുമേലെയുള്ള വായുവിന്റെ തന്മാത്രകളുടെ അയണീകരണത്തിന് ഈ കണികകൾ കാരണമാകുന്നു. ഏതാണ്ടു് മൂന്നു കിലോമീറ്റർ ഉയരത്തിൽ എത്തുമ്പോഴേക്കു് അധിക ഊർജ്ജമുള്ള ചില കണങ്ങൾ ഒഴികെ മിക്ക കണങ്ങളുടെയും ഊർജ്ജം നഷ്ടപ്പെടും. കോസ്മിക് രശ്മികളിലെ ഊർജ്ജം ഇലക്ട്രോൺ-വോൾട്ടിന്റെ (എഴുതിയ eV) ഏകകങ്ങളിലാണ് അളക്കുന്നത്. ഇവിടെ, ശൂന്യതയിൽ നിശ്ചലാവസ്ഥയിലുള്ള ഒരു ഇലക്ട്രോൺ ഒരു വോൾട്ടിന്റെ വൈദ്യുത പൊട്ടൻഷ്യൽ വ്യത്യാസത്തിലൂടെ കടന്നുപോകുമ്പോൾ നേടുന്ന ഗതികോർജ്ജമാണ് ഇലക്ട്രോൺ-വോൾട്ട് എന്നത്. ഇലക്ട്രോണിന് വെറും 9.1 × 10-31 കിലോഗ്രാം (അല്ലെങ്കിൽ, 9.1 × 10-28 ഗ്രാം, അതായത് ഒരു ഗ്രാമിന്റെ പൂജ്യം പോയിന്റ് 27 പൂജ്യങ്ങൾ 9 ഭാഗം!) മാത്രം പിണ്ഡമുള്ളതിനാൽ ഇത് വളരെ ചെറുതാണ്. 1 eV യുടെ ഊർജ്ജം ഏകദേശം 1.6 × 10-19 ജൂളിന് (joule) തുല്യമാണ്, 1 വാട്ട് ബൾബ് 1 സെക്കൻഡ് കത്തിക്കാൻ ആവശ്യമായ ഊർജ്ജമാണ് 1 ജൂൾ). നമ്മൾ രാത്രിയിൽ ഉപയോഗിക്കുന്ന നൈറ്റ് ലാമ്പ് ഒരു മണിക്കൂറിൽ ഏകദേശം 15 ജൂൾസ്, അതായത് ഒരു സെക്കൻഡിൽ ഏകദേശം 0.004 ജൂൾസ് ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കുമ്പോൾ ഈ അളവ് എത്ര ചെറുതാണെന്ന് കാണാൻ എളുപ്പമാണ്! കോസ്മിക് കിരണങ്ങളുടെ ഊർജ്ജം ഏകദേശം 107, അതായത് ഒരുകോടി eV മുതൽ ഏകദേശം 1020 വരെ, അതായത് പത്തുലക്ഷം കോടി കോടി eV വരെ!

ഈ പശ്ചാത്തലത്തിൽ, അടുത്തിടെ കണ്ടെത്തിയ ഭീമമായ ഊർജ്ജമുള്ള കോസ്മിക് കിരണത്തിന്റെ ഊർജ്ജം എത്ര ഉയർന്നതാണെന്ന് നമുക്ക് കാണാൻ കഴിയും. 1991-ൽ കണ്ടെത്തിയ മറ്റൊരു സൂപ്പർ ഹൈ എനർജി കോസ്മിക് രശ്മിയുടെ ഊർജ്ജം ഏകദേശം 320 EeV ഉള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്ii. 27 കിലോമീറ്റർ ചുറ്റളവിലും ഫ്രാൻസ്-സ്വിറ്റ്സർലൻഡ് അതിർത്തിയിൽ ജനീവയ്ക്ക് സമീപമായി ഉപരിതലത്തിനു 175 മീറ്റർ താഴെയായി വൃത്താകൃതിയിലുള്ള തുരങ്കത്തിൽ സ്ഥാപിച്ചിട്ടുള്ള ലാർജ് ഹാഡ്രോൺ കൊളൈഡർ (Large Hadron Collider—ചിത്രം 2 കാണൂ) ഉപയോഗിച്ച് മനുഷ്യരാശിക്ക് സൃഷ്ടിക്കാൻ കഴിഞ്ഞ ഏറ്റവും ഉയർന്ന ഊർജ്ജകണങ്ങളെക്കാൾ കുറഞ്ഞത് ഒരു ദശലക്ഷം മടങ്ങ് ഊർജ്ജസ്വലമായതാണ്.



ചിത്രം 2: ലാർജ് ഹാഡ്രോൺ കൊളൈഡർ (കടപ്പാട്: https://en.wikipedia.org/wiki/File:Views_of_the_LHC_tunnel_sector_3-4,_tirage_2.jpg)

i കണ്ടിട്ടില്ലാത്തവർക്കു് ഇവിടെ കാണാം: https://indianexpress.com/article/technology/science/watch-this-space-mystery-cosmic-ray-and-killing-the-international-space-station-9042974/

iiഅത് ഇവിടെ വായിക്കാം: https://indianexpress.com/article/technology/science/high-energy-sun-goddess-particle-9041653/

മാർച്ച് ഫോർ സയൻസ്, തിരുവനന്തപുരം

2019

March for Scienceന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തു് Institution of Engineers Hallൽ നടന്ന നല്ലൊരു പരിപാടിയിൽ പങ്കെടുക്കാനുള്ള ഭാഗ്യമുണ്ടായി. മാത്രമല്ല, അവിടെവച്ചു് Homi Bhabha Centre for Science Educationൽ പ്രവൃത്തിയെടുക്കുന്ന ഡോ. എം.സി. അരുണാനന്ദിനെ പരിചയപ്പെടാനും കഴിഞ്ഞു എന്നതു് പല തരത്തിൽ സന്തോഷമുണ്ടാക്കിയ കാര്യമാണു്. സ്ക്കൂൾതലത്തിൽ അവർ നടത്തുന്ന ചില പരിപാടികൾ എന്റെ മനസ്സിലുള്ളതും സർക്കാരിനു് എഴുതിക്കൊടുത്തതുമായ ഒരു പരിപാടിയുമായി ചില ബന്ധങ്ങളുള്ളതുമാണു്. അവരുടെ ചില ആശയങ്ങളുംകൂടി ഉൾക്കൊള്ളിച്ചുകൊണ്ടു് അവരുമായി ചേർന്നു് അത്തരം ഒരു പരിപാടി കേരളത്തിൽ നടത്തുന്നതിനെപ്പറ്റി സംസാരിക്കാനും കഴിഞ്ഞു. ചിത്രത്തിൽ കാണുന്നതുപോലെ, മുറിയിൽ നിറച്ചു് കുട്ടികളും മുതിർന്നവരും ഉണ്ടായിരുന്നു എന്നതു് ഏറെ സന്തോഷത്തിനു് കാരണമായി. ആ പരിപാടിയുടെ ചില ചിത്രങ്ങൾ ഇവിടെ കൊടുക്കുന്നു.

Had the good fortune to attend a nice programme organised by the local March for Science community at the Institution of Engineers Hall, Thiruvananthapuram. Apart from a few nice talks, a demonstration by a Mentalist and some beautiful shows using balloons to create shapes of animals, I was also happy to see that the hall was filled by students and parents so much so that additional chairs had to be brought. I am giving a few photographs below. Thanks to the Breakthrough Science Society people for taking the lead in organising this beautiful programme.

A view of the audience
The late Sri D. Krishna Warrier, the then Chairman, March for Science, speaking
Prof. C.P. Aravindakshan, science populariser and a very popular teacher, speaking

2022

വിവിധ ശാസ്ത്ര സംഘടനകളുടെയും, ശാസ്ത്ര പ്രവർത്തകർ അധ്യാപകർ, വിദ്യാർത്ഥികൾ, ഗവേഷകർ എന്നിവരുടെയും പങ്കാളിത്തോടെ 27-08-2022 ശനിയാഴ്ച തിരുവനന്തപുരം നഗരത്തിൽ ‘മാർച്ച്‌ ഫോർ സയൻസ്’ നടന്നു.

മ്യൂസിയത്തിനടുത്തുള്ള സത്യൻ സ്മാരക ഹാളിൽ രാവിലെ 10:30 നു് ആരംഭിച്ച പരിപാടി മാർച്ച്‌ ഫോർ സയൻസ് തിരുവനന്തപുരം സംഘാടക കമ്മിറ്റി പ്രസിഡന്‍റ് പ്രൊഫസർ സി.പി. അരവിന്ദാക്ഷൻ ഉത്ഘാടനം ചെയ്തു. ഡോക്ടര്‍ വി. ശശികുമാര്‍ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ‘കാലാവസ്ഥാ വ്യതിയാനവും കേരളവും’ എന്ന വിഷയത്തിൽ കേരള യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ എ. ബിജുകുമാറും ‘ശാസ്ത്രീയ ചിന്താഗതി’ എന്ന വിഷയത്തിൽ ഡോ. വൈശാഖൻ തമ്പിയും പ്രഭാഷണം നടത്തി. യോഗത്തില്‍ ശ്രീ ഷാജി ആല്‍ബര്‍ട്ട്, ഡോക്ടര്‍ വി.എസ്. ശ്യാം, ഗോമതി, മേധാ സുരേന്ദ്രനാഥ്, അരുണ്‍ എസ് എന്നിവരും സംസാരിച്ചു.

മാർച്ച്‌ ഫോർ സയൻസ് 12:30 ന് മ്യൂസിയത്തിനടുത്തുനിന്നും ആരംഭിച്ച് പാളയം ആശാൻ സ്‌ക്വയറിൽ അവസാനിച്ചു. മാര്‍ച്ചില്‍ ശാസ്ത്രപ്രവര്‍ത്തകരും അദ്ധ്യാപകരും ശാസ്ത്രജ്ഞരും വിദ്യാര്‍ത്ഥികളുമടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

ശാസ്ത്രത്തെ അടിസ്ഥാനമാക്കികൊണ്ട് മാത്രമേ സാമൂഹ്യ പുരോഗതി സാധ്യമാവുകയുള്ളൂ എന്നതിനാൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നയരൂപീകരണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2017ൽ ആരംഭിച്ച ഗ്ലോബൽ മാർച്ച്‌ ഫോർ സയൻസിന്റെ ഭാഗമാണ് ഇന്ത്യ മാർച്ച്‌ ഫോർ സയൻസ്.

സദസ്സിന്റെ ഒരു ദൃശ്യം
ഉദ്ഘാടനസമ്മേളനം
പ്രൊഫ. സി.പി. അരവിന്താക്ഷൻ സംസാരിക്കുന്നു.
‍ഡോ. വി. ശശി കുമാർ സംസാരിക്കുന്നു
കാലാവസ്ഥാവ്യതിയാനവും കേരളവും എന്ന വിഷയത്തെക്കുറിച്ചു് കേരള സർവ്വകലാശാലയുടെ അക്വാറ്റിക് ബയോളജി വകുപ്പിന്റെ തലവൻ പ്രൊഫ. എ. ബിജുകുമാർ സംസാരിക്കുന്നു.
ശാസ്ത്രീയ ചിന്താഗതി എന്ന വിഷയത്തിൽ യൂണിവേഴ്സിറ്റി കോളജ് ഭൗതികശാസ്ത്രവകുപ്പിലെ ‍ഡോ. വൈശാഖൻ തമ്പി സംസാരിക്കുന്നു.

ഗണിതശാസ്ത്രപരമായ ദൃശ്യവൽക്കരണം

ഗണിതശാസ്ത്രപരമായ ദൃശ്യവൽക്കരണം (Mathematical Visualisation)എന്ന വിഷയത്തിൽ മുട്ടത്തറിലെ കോളജ് ഒഫ് എഞ്ചിനീയറിങ്ങിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് വകുപ്പിലെ ഡോ. പി. ബിജു തിരുവനന്തപുരത്തെ ഈശ്വരചന്ദ്ര വിദ്യാസാഗർ സാംസ്ക്കാരികകേന്ദ്രത്തിൽവച്ച് ബ്രേക്ത്രൂ സയൻസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നു കാലത്തു് പത്തര മണിക്കു് നടത്തിയ പ്രഭാഷണം കേൾക്കാനും അതിൽ പങ്കെടുക്കാനുമുള്ള ഭാഗ്യം എനിക്കുണ്ടായി. അതേപ്പറ്റി ഏതാനും വാക്കുകൾ എഴുതണം എന്നുണ്ടു്. ഇത്തരം പ്രഭാഷണങ്ങൾ വിഡിയൊ ആയോ ശബ്ദം മാത്രമായോ രേഖപ്പെടുത്തുന്നില്ല എന്നതു് തികച്ചും ദുഃഖകരമാണു്. പങ്കെടുക്കാൻ പറ്റാതിരുന്ന അനേകംപേർക്കു് കേൾക്കാനും പങ്കെടുത്തവർക്കുതന്നെ ഓർമ്മ പുതുക്കാനും അതു് സഹായിക്കും എന്നതിനു തർക്കമില്ല.

Dr. P. Biju speaking

ഗണിതശാസ്ത്രപരമായ ദൃശ്യവൽക്കരണം എന്നാണു് ശീർഷകമങ്കിലും ഗണിതശാസ്ത്രത്തെത്തന്നെ നാം മനസ്സിലാക്കുന്നതിന്റെ പ്രശ്നങ്ങളെക്കുറിച്ചാണു് സംസാരിക്കാൻപോകുന്നതു് എന്നു് പ്രഭാഷകൻ ആദ്യമേ പറഞ്ഞു. സംഖ്യകളെ നാം കാണുന്നതിനെക്കുറിച്ചാണു് അദ്ദേഹം പറഞ്ഞുതുടങ്ങിയതു്. വലിയ സംഖ്യകൾക്കു് പണ്ടുണ്ടായിരുന്ന അത്രതന്നെ വലുപ്പം ഇന്നു് തോന്നുന്നില്ല എന്നും അതു് തന്റെ സ്വന്തം അഭിപ്രായമാണു് എന്നും പറഞ്ഞുകൊണ്ടാണു് അദ്ദേഹം തുടങ്ങിയതു്. ഉദാഹരണമായി അദ്ദേഹം പറഞ്ഞതു് ഒരുകോടി എന്ന സംഖ്യയാണു്. കോടി എന്നതു് ഇന്നു് സർവ്വസാധാരണമായിക്കഴിഞ്ഞു. അതു് ദൂരത്തിന്റെ കാര്യത്തിലായാലും പണത്തിന്റെ കാര്യത്തിലായാലും പതിനായിരങ്ങളും ലക്ഷങ്ങളും സർവ്വസാധാരണമാകുകയും തൊട്ടുപിന്നാലെതന്നെ കോടികളും നിത്യവുമെന്നവണ്ണം ചർച്ചയാകുകയും ചെയ്തതിനാലാവണം. ഒന്നോ രണ്ടോ ദശാബ്ദങ്ങൾക്കുമുൻപു് ഏതാനും ലക്ഷം രൂപ വിലയുള്ള കാറുകൾപോലും അപൂർവ്വമായിരുന്ന സ്ഥിതിയിൽനിന്നു് കോടികൾ വിലയുള്ള കാറുകളുടെ പരസ്യങ്ങൾ ഇപ്പോൾ പതിവായി പത്രങ്ങളിൽ കാണാം എന്ന അവസ്ഥ വന്നിട്ടുണ്ടു് എന്നതു് സത്യമാണല്ലോ. എന്നാൽ ഒരുകോടി എന്നതു് എത്ര വലുതാണു്? ഒരുകോടിവരെ എണ്ണാൻ എത്ര സമയമെടുക്കും എന്നു് പ്രഭാഷകൻ ചോദിച്ചപ്പോൾ ഒരു ദിവസെ എന്നായിരുന്നു പലരും മറുപടി പറഞ്ഞതു്. എന്നാൽ, ഒരു സെക്കന്റിൽ ഒന്നു് എന്ന കണക്കിനു് എണ്ണിയാലും ഒരുകോടിവരെ എണ്ണിത്തീർക്കാൻ, ഊണും ഉറക്കവും കളഞ്ഞാൽപ്പോലും മൂന്നു മാസത്തോളം എടുക്കും എന്നു് പ്രഭാഷകൻ സ്ഥാപിച്ചപ്പോഴാണു് ആ സംഖ്യയുടെ വലുപ്പം ഞാനുൾപ്പെടെ പലർക്കും ബോദ്ധ്യമായതു്.

അവിടെനിന്നു് ചെറിയ സംഖ്യകളുടെ കാര്യത്തിലേക്കു് കടന്ന പ്രഭാഷകൻ പ്ലാങ്ക് സമയം എന്ന സങ്കൽപ്പത്തിനെക്കുറിച്ചു് സംസാരിച്ചു. അതു് എത്ര ചെറുതാണു് എന്നു് നമുക്കു് സങ്കൽപ്പിക്കാൻപോലും കഴിയില്ല എന്നും ഇതുപോലെ തീരെ ചെറിയ സംഖ്യകളും വളരെ വലിയ സംഖ്യകളും നമ്മുടെ ഭാവനയ്കുകുപോലും അതീതമാണു് എന്നും അദ്ദേഹര സ്ഥാപിച്ചു.

കലനം (Calculus) എന്ന വിഷയത്തിലേക്കാണു് പിന്നീടദ്ദേഹം കടന്നതു്. അവകലനം (differentiation) എന്നതിന്റെ നിർവചനം എങ്ങനെയാണു് പറയേണ്ടതു് എന്നു തുടങ്ങി അതിന്റെയും കലനത്തിന്റെ ഉപയോഗത്തെയും സംബന്ധിച്ചു് നിലനിൽക്കുന്ന പല ധാരണകളും പൊളിച്ചെഴുതിയാലേ ഗണിതശാസ്ത്രത്തിന്റെ അന്തഃസ്സത്ത മനസ്സിലാക്കാനാകൂ എന്നദ്ദേഹം സ്ഥാപിച്ചു.

അങ്ങനെ നീണ്ട ആ ചർച്ചയിലെ പല കാര്യങ്ങളും വിശദീകരിക്കാൻ ഇപ്പോൾ എനിക്കാകുന്നില്ല. ആ പ്രഭാഷണത്തിന്റെ ശബ്ദഭാഗമെങ്കിലും രേഖപ്പെടുത്തിയിരുന്നെങ്കിൽ എനിക്കു് ഓർമ്മ പുതുക്കാമായിരുന്നല്ലോ എന്നു് വീണ്ടും ചിന്തിച്ചുപോകുന്നു. മാത്രമല്ല അതു കേൾക്കാത്ത എന്റെ വായനക്കാരെ കേൾപ്പിക്കാനും ഉതകുമായിരുന്നു.

പ്രഭാഷണത്തിന്റെ ഒടുവിൽ ചോദ്യോത്തരങ്ങളും മറ്റു കാര്യങ്ങളുമായി ദീർഘമായ ഒരു ചർച്ചയും ഉണ്ടായിരുന്നു. ഈ വിയത്തെക്കുറിച്ചു് ഡോ. ബിജു ഇനിയും എവിടെയെങ്കിലും സംസാരിക്കുകയാണെങ്കിൽ അതെങ്കിലും രേഖപ്പെടുത്തുമല്ലോ.

ലൂയി സാഞ്ചേസ് മുന്യോസ്

മുമ്പിലത്തെ പോസ്റ്റിൽ പരാമർശിച്ച അഭിമുഖം വിജ്ഞാനകൈരളി മാസികയുടെ നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചുവന്നു അതിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു:

ലേഖനത്തിന്റെ ആദ്യപുറം

സ്പെയ്നിൽ മാഡ്രിഡിലെ നാഷണൽ മ്യൂസിയം ഒഫ് നാച്ചുറൽ സയൻസിൽ ശാസ്ത്രജ്ഞനാണ് ഡോ. ലൂയി സാഞ്ചേ മുന്യോസ് (Luis Sánchez Muñoz). പണമുണ്ടാക്കാനായി ഒരു ബാറിൽ പണിയെടുത്തതു മുതൽ സിറാമിക്സ് വ്യവസായത്തിലും ന്യൂക്ലിയർ മാഗ്നറ്റിക് റെസൊണൻസ് എന്ന ശാസ്ത്രശാഖയിലും മറ്റും ജോലിചെയ്തു് ഒടുവിൽ തനിക്ക് താൽപ്പര്യമുള്ള രംഗമായ ജിയോളജിയിൽ ഉൽക്കാശിലകളുടെ ശേഖരണത്തിൽ എത്തിച്ചേർന്ന് ഒരു പ്രത്യേകതരം ഉൽക്കാശിലകൾ ശേഖരിക്കാനായി കേരളത്തിൽ എത്തിച്ചേർന്ന ഈ ബഹുവിഷയപണ്ഡിതൻ ഈയിടെ തിരുവനന്തപുരത്ത് ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ ഉൽക്കാശിലകളെപ്പറ്റി ഒരു പ്രഭാഷണം നടത്തുകയുണ്ടായി. ആ അവസരത്തിൽ അദ്ദേഹവുമായി നടത്തിയ അഭിമുഖം ഇവിടെ കൊടുക്കുന്നു.

വിജ്ഞാനകൈരളി: ആദ്യമായി താങ്കളെ കേരളത്തിലേക്കും ഈ തിരുവനന്തപുരം നഗരത്തിലേക്കും സ്വാഗതം ചെയ്യുന്നു.

സാഞ്ചേസ് മുന്യോസ്: നന്ദി.

വി.കൈ: താങ്കൾ ഉൽക്കാശിലകളുടെ ഗവേഷണത്തിൽ എത്തിച്ചേർന്നത് എങ്ങനെയാണ് എന്നു വിവരിക്കാമോ?

സാ.മു: വാസ്തവത്തിൽ, ഞാൻ ജിയോളജി പഠിക്കാനാണ് സർവകലാശാലയിൽ ചേർന്നത്. രണ്ടാംവർഷമായപ്പോൾ എനിക്ക് ധാതുക്കളിലും പാറകളിലും താൽപ്പര്യമുണ്ടായി. ധാതുക്കളെയും ഉൽക്കാശിലകളെയും പദാർഥങ്ങളെയുംപറ്റി പഠിക്കാനായി സർവകലാശാലയിലെ അധ്യാപകർ എന്നെ സ്പെയിനിൽ മാഡ്രിഡിലെ പ്രകൃതിശാസ്ത്രത്തിനുള്ള ദേശീയ മ്യൂസിയത്തിലെ (National Museum of Natural Science) ആൾക്കാരുമായി പരിചയപ്പെടുത്തി. അപ്പോൾ എനിക്ക് കൂടുതൽ പഠിക്കാൻ ആഗ്രഹമുണ്ടായി. അവരുടെ താൽപ്പര്യവും അവയുടെ സമീപത്തുണ്ടായിരിക്കാനുള്ള എന്റെ ആഗ്രഹവും കൂടിയായപ്പോൾ അവിടെയുള്ള ഉൽക്കാശിലകളുടെയും ധാതുക്കളുടെയും സാമ്പിളുകൾ വൃത്തിയാക്കാനായി അവരെ സഹായിക്കാമെന്ന് ഞാൻ സമ്മതിച്ചു. ക്രമേണയായി ഞാൻ പാറകളിലും ധാതുക്കളിലും കൂടുതൽ നിമഗ്നനായി. എന്നെ സംബന്ധിച്ചിടത്തോളം, ഒരു ഭൂതത്വശാസ്ത്രജ്ഞൻ (ജിയോളജിസ്റ്റ്) പഠിക്കുന്ന കാര്യങ്ങളുടെ ഒരു ഭാഗം മാത്രമാണ് ഉൽക്കാശിലകൾ. അവ എന്റെ ഗവേഷണത്തിന്റെ ഒരു ഭാഗം മാത്രമാകുന്നതേയുള്ളൂ.

വി.കൈ: താങ്കൾക്ക് ജിയോളജിയിൽ താൽപ്പര്യമുണ്ടായത് എങ്ങനെയാണ് എന്നു പറയുന്നതിനു വിരോധമുണ്ടോ? ഇവിടെ വിദ്യാർഥികൾ സാധാരണയായി തിരഞ്ഞെടുക്കുന്ന വിഷയമല്ല അത് എന്നതുകൊണ്ടാണ് ചോദിക്കുന്നത്.

സാ.മു: കാരണം വളരെ ലളിതമാണ്. എന്റെ കുട്ടിക്കാലത്ത് മിക്ക വാരാന്ത്യത്തിലും അച്ഛനെന്നെ നാട്ടിൻപുറത്ത് കൊണ്ടുപോകുമായിരുന്നു. എനിക്കത് ശീലമാകുകയും ഞാൻ പ്രകൃതി ആസ്വദിക്കുകയും ചെയ്തു. അത് സുന്ദരവും ശാന്തവുമാണ്. ഞാൻ നാട്ടിൻപുറത്തായിരിക്കുമ്പോൾ വളരെ സന്തോഷവാനാണ്. ഞാൻ മാഡ്രിഡിലെ ഒരു സാധാരണകുടുംബത്തിൽനിന്നാണ് വരുന്നത്. ഞാനൊരു തൊഴിലാളിവർഗത്തിൽപ്പെട്ട കുടുംബത്തിലെയാണ്. അക്കാലത്ത് ഞങ്ങളുടെ വീട്ടിൽ ചില എൻസൈക്ലോപീഡിയകളും മറ്റു പുസ്തകങ്ങളും ഉണ്ടായിരുന്നു. പുസ്തകത്തിൽ കാണുന്നതും ഭൂമിയിൽ കാണുന്നതുമായ ധാതുക്കളെ പരസ്പരം ബന്ധിപ്പിക്കാൻ എനിക്കാകുമായിരുന്നു. ഇതെല്ലാം എനിക്ക് അത്ഭുതകരമായി തോന്നിയിരുന്നു—വിവിധ പദാർഥങ്ങളിലെ നിറങ്ങളുടെയും രൂപങ്ങളുടെയും വൈവിധ്യം. അതുകൊണ്ടാണ് എനിക്ക് ജിയോളജി ഇഷ്ടമായിത്തീർന്നത്.

നോക്കൂ, ധാതുക്കളുടെയും പാറകളുടെയും കാഴ്ചപ്പാടിൽനിന്ന് പ്രകൃതിയെ മനസ്സിലാക്കുന്നതിൽ ഒരു പ്രത്യേകതരം അത്ഭുതം എനിക്ക് തോന്നിയിരുന്നു. എന്നാൽ വാസ്തവത്തിൽ, ഞാൻ ജിയോളജി മാത്രമല്ല പല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ജിയോളജി മാത്രം ചെയ്യുന്ന ഒരു സാധാരണ ജിയോളജിസ്റ്റല്ല ഞാൻ. എനിക്ക് സത്യത്തിൽ മറ്റുപല കാര്യങ്ങളും ചെയ്യാനാകും. ഈ നിമിഷം ഞാനൊരു ജിയോളജിസ്റ്റാണ്, എന്നാൽ ഞാൻ സ്വകാര്യകമ്പനികളിലും പണിയെടുത്തിട്ടുണ്ട്. ഉദാഹരണമായി, ഒരുസമയത്ത് സിറാമിക് വസ്തുക്കളുടെ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ഉത്തരവാദിത്തമുള്ള ജോലിയായിരുന്നു എനിക്കുണ്ടായിരുന്നത്. ഞാൻ ഖരാവസ്ഥാഭൗതികശാസ്ത്രജ്ഞരോടൊപ്പം (solid state physicists) ജോലിയെടുത്തിട്ടുണ്ട്, ആണവോർജരംഗത്തുപയോഗിക്കുന്ന സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ഡോസിമീറ്ററിൽ പ്രവർത്തിക്കുന്നവരോടൊപ്പം പണിയെടുത്തിട്ടുണ്ട്, ബെൽജിയത്തിൽ ട്രാൻസ്മിഷൻ ഇലക്ട്രോൺ മൈക്രോസ്കോപ്പിയിൽ ഗവേഷണം നടത്തിയിട്ടുണ്ട്. അങ്ങനെ ഞാൻ പലരംഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഞാൻ ജിയോളജിയിൽ ആവേശമുള്ളവനായിരുന്നു, പക്ഷെ ഇപ്പോൾ എനിക്ക് താൽപ്പര്യമുള്ള വിഷയങ്ങളിൽ ഒന്നുമാത്രമാണ് ജിയോളജി. എനിക്ക് നരവംശശാസ്ത്രത്തിലും ചരിത്രത്തിലും തത്വശാസ്ത്രത്തിന്റെ ചരിത്രത്തിലും വിവിധ സംസ്കാരങ്ങളുടെ ചരിത്രത്തിലും അങ്ങനെ പലതിലും താൽപ്പര്യമുണ്ട്. സത്യത്തിൽ എനിക്ക് താൽപ്പര്യമുള്ളത് ജിയോളജിയിൽ മാത്രമല്ല, അത് എന്റെ താൽപ്പര്യങ്ങളിൽ ഒന്നുമാത്രമാണ്.

വി.കൈ: ഇവിടെ പൊതുവിൽ എല്ലാവരും തങ്ങൾ പഠിച്ച വിഷയത്തിൽ ഒതുങ്ങിനിൽക്കുകയാണ് ചെയ്യുന്നത്. ഒരുപക്ഷെ ജോലി കിട്ടാനുള്ള പ്രയാസം കൊണ്ടായിരിക്കാം. അതുകൊണ്ട്, നല്ല ശംബളമുള്ള ജോലി കിട്ടാൻ അനുയോജ്യമായ വിഷയം പഠിക്കാനാണ് സമ്മർദമുള്ളത്.

സാ.മു: നോക്കൂ, എന്റെ കാര്യമെടുത്താൽ, ഞാൻ ഒരു പതിനഞ്ച് ജോലികൾ ചെയ്തിട്ടുണ്ട്. ഞാൻ തൊഴിലന്വേഷിച്ച് ലോകം ചുറ്റിക്കറങ്ങിയിട്ടുണ്ട്. ഇപ്പോൾ, 2009 മുതൽ സ്പെയ്നിൽ ശാസ്ത്രജ്ഞനായി എനിക്ക് ഒരു സ്ഥിരമായ ജോലി കിട്ടിയിട്ടുണ്ട്. പക്ഷെ, 2009നുമുൻപ് ഞാൻ വ്യത്യസ്ത സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. കുറച്ചു പണമുണ്ടാക്കാനായി ഞാൻ ബാറിൽ ജോലിയെടുത്തിട്ടുണ്ട്, ഞാൻ വിവിധ സ്ഥലങ്ങളിലേക്ക് യാത്രചെയ്തു, സർവകലാശാലകളിൽ പോയി, ഒരു വീടുവയ്ക്കാനായി ഞാൻ പണിപ്പെടുകയായിരുന്നു, അങ്ങനെ പലതും. അതായത്, ഞാൻ പലകാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നു. അതുകൊണ്ട്, എനിക്ക് ജിയോളജി എന്നത് അതിനേക്കാളുപരിയായുള്ള കാര്യമാണ്. എന്നാൽ എന്റെ താൽപ്പര്യങ്ങളുടെ കാതൽ അവിടെയല്ല.

വാസ്തവത്തിൽ, നോക്കൂ, 2005ൽ ഞാനൊരു സ്വകാര്യ കമ്പനിയിൽ ജോലിയെടുക്കുകയായിരുന്നു. സിറാമിക്സ് രംഗത്ത് സ്പെയ്നിലെ ഏറ്റവുംവലിയ കമ്പനികളിൽ ഒന്നിൽ. ടൈലുകളുടെ ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ ഒരുതരം സ്പ്രേ-ഡ്രൈ ചെയ്ത പൊടിയായിരുന്നു അവരുൽപ്പാദിപ്പിച്ചിരുന്നത്. അവിടെ ഗവേഷണവികസനപ്രവർത്തനങ്ങളായിരുന്നു എന്റെ ഉത്തരവാദിത്തം. അവിടെവച്ച് ഞാൻ ഭ്രാന്തുപിടിച്ചതുപോലെ മണിക്കൂറുകൾ ജോലിചെയ്തിരുന്നു. എനിക്ക് നല്ലവണ്ണം പണം കിട്ടിയിരുന്നു, പക്ഷെ പണം മാത്രം. അതിൽ എനിക്ക് യാതൊരു താൽപ്പര്യവുമുണ്ടായില്ല. അങ്ങനെയിരിക്കെ ഞാൻ വിവാഹിതനായി. പക്ഷെ എന്റെ ഭാര്യയുമായോ മകളുമായോ പങ്കിടാൻ എനിക്ക് സമയം കിട്ടിയിരുന്നില്ല. ഇങ്ങനെയുള്ള ജീവിതത്തിൽ അർഥമില്ല എന്നതുകൊണ്ട് എനിക്ക് അത് നിർത്തണമെന്നു തോന്നി. അതുകൊണ്ട് നിർത്തി. അപ്പോൾ എനിക്കൊരു പോസ്റ്റ് ഡോക്ടറൽ വിദ്യാർഥിയായി മാഡ്രിഡിൽ ജോലി കിട്ടി. ആദ്യംമുതൽ തുടങ്ങാനായി സ്കോളർഷിപ്പായി എനിക്ക് കുറച്ചു പണവും കിട്ടി. അതു ഞാൻ പ്രശ്നമാക്കിയില്ല. ശരി, നോക്കിക്കളയാം എന്നു ചിന്തിച്ചു.

വി.കൈ: അപ്പോൾ അത് സ്പെയ്നിൽ സാധ്യമാണല്ലേ? മുപ്പതോ നാൽപ്പതോ വയസ്സാകുമ്പോൾ ഒരു പുതിയ ജോലിയിൽ തുടങ്ങാം?

സാ.മു: ഉവ്വ്, അത് സ്പെയ്നിൽ സാധ്യമാണ്. പക്ഷെ, എന്റെ കാര്യത്തിൽ ഞാൻ പലതരം ജോലികൾ ചെയ്തിരുന്നു എന്നതും എനിക്ക് പലതരം ആൾക്കാരെ പരിചയമുണ്ടായിരുന്നു എന്നതും സഹായിച്ചു. എന്റെ കാഴ്ചപ്പാടിലും എന്റെ അനുഭവത്തിലും രണ്ടുതരം ആൾക്കാരുണ്ട്: പ്രത്യേക വിഷയങ്ങളിൽ താൽപ്പര്യമുള്ളവരും അതോടൊപ്പംതന്നെ തുറന്ന മനസ്സുള്ള, സമൂഹത്തിന് എന്താണ് ആവശ്യമെന്ന് അറിയാവുന്നവരും. അങ്ങനെ തുറന്ന മനസ്സുള്ളവരെ കണ്ടുമുട്ടാൻ നിങ്ങൾക്ക് ഭാഗ്യമുണ്ടായാൽ അവർ നിങ്ങളെ സഹായിക്കും. സമൂഹത്തിന് ഗുണകരമായവരെ തിരിച്ചറിയാൻ ചിലർക്ക് കഴിയും. എന്റെ കാര്യത്തിൽ, ഞാൻ പലതരം ജോലികൾ ചെയ്തിട്ടുണ്ട്, ജോലി മാറുന്നതിൽ എനിക്ക് പ്രശ്നമില്ല, അതുപോലെതന്നെ ആദ്യംമുതൽക്ക് തുടങ്ങാനും എനിക്ക് മടിയില്ല, കാരണം എനിക്ക് ആത്മവിശ്വാസമുണ്ട്.

വി.കൈ: അത് നന്നായി. ഇവിടത്തെ സമൂഹത്തിലേക്ക് എത്തേണ്ട സന്ദേശമാണിത്, എന്തെന്നാൽ, നിർമിതബുദ്ധിയും റോബോട്ടിക്സും തൊഴിലുകൾ ഇല്ലാതാക്കുന്ന കാലമാണിത്. ഇന്നുള്ള പല തൊഴിലുകളും നാളെ മനുഷ്യർക്ക് ലഭ്യമാവില്ല. അതുകൊണ്ടുതന്നെ ഓരോരുത്തർക്കും, വേണ്ടിവന്നാൽ, മധ്യവയസ്സിൽ പുതിയൊരു തൊഴിലിലേക്ക് മാറാനുള്ള സാധ്യതയുണ്ടാവണം. വ്യക്തികളും സമൂഹവും അതിനുള്ള അവസരമുണ്ടാക്കണം.

സാ.മു: പക്ഷെ, കുഴപ്പത്തിലാവാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് പ്രശ്നമുണ്ടായേക്കാം, അത് നേരിടാൻ തയാറാവണം. പണമുണ്ടാക്കാനായി എന്തു ചെയ്യുന്നതിനും എനിക്ക് മടിയില്ല. കൂടാതെ, എന്റെ കാര്യത്തിൽ, ഞാൻ വളരെയധികം വ്യത്യസ്ത സ്ഥലങ്ങളിൽ പോയിട്ടുണ്ട്. പലരേയും നിങ്ങൾക്ക് കാണാൻ കഴിഞ്ഞേക്കും, പക്ഷെ ചിലപ്പോൾ നിങ്ങൾക്ക് പറയേണ്ടിവരും, “കണ്ടതിൽ സന്തോഷം. എനിക്ക് തിരക്കുണ്ട്, മറ്റൊരു കാര്യം ചെയ്യാനുണ്ട്, നമുക്ക് വീണ്ടും കാണാം”. എന്നിട്ട് നിങ്ങൾ പോയി മാറുക. അത്രേയുള്ളൂ. നിങ്ങൾക്ക് ആത്മനിഷ്ഠയുണ്ടാവണം. “എനിക്കതിൽ താൽപ്പര്യമില്ല, ഞാനെന്തിന് അത് ചെയ്യണം? വേണ്ട, എനിക്കത് വേണ്ട.” പക്ഷെ നിങ്ങൾക്ക് ധൈര്യവുമുണ്ടാവണം. നിങ്ങൾക്ക് ഇത്രയും വേണം: ധൈര്യമുണ്ടാവണം, ഇത് നിങ്ങളുടെ ജീവിതമാണെന്ന് തിരിച്ചറിയണം. നിങ്ങൾക്ക് ചെയ്യാനാകും. ജീവിതം ജീവിക്കാനുള്ളതാണ്, ജീവിക്കുക എന്നാൽ അപകടസാധ്യതകളെ നേരിടുക എന്നതാണ്.

വി.കൈ: ഉൽക്കാശിലകളിലെ താങ്കളുടെ ഗവേഷണത്തിന്റെ പ്രധാനപ്പെട്ട ഫലങ്ങളൊന്ന് വിവരിക്കാമോ?

സാ.മു: എനിക്ക് ഇതുവരെ വളരെ പ്രധാനപ്പെട്ട ഫലങ്ങളൊന്നുമില്ല. എനിക്കിപ്പോഴുള്ള ഉദ്യോഗം, നാഷണൽ മ്യൂസിയം ഒഫ് നാച്ചുറൽ സയൻസിലെ ഉദ്യോഗം, ഞാൻ തുടങ്ങിയത് കഴിഞ്ഞവർഷം, അതായത് 2019, ഫെബ്രുവരിയിലാണ്. മ്യൂസിയത്തിലെ ധാതുശേഖരത്തിന്, ഉൽക്കാശിലകളുടെയും മറ്റ് ജിയോളജിക്കൽ വസ്തുക്കളുടെയും ശേഖരത്തിന്, ഉത്തരവാദിയായ ശാസ്ത്രജ്ഞന് അറുപത്തഞ്ചു വയസ്സായി. ഞാനദ്ദേഹത്തിന്റെ വിദ്യാർഥിയായിരുന്നു. ഞാൻ ധാതുക്കൾ വൃത്തിയാക്കാൻ സഹായിച്ചിരുന്ന കാലത്തുമുതൽ എനിക്കദ്ദേഹത്തെ അറിയാം. അക്കാലത്ത് ഞങ്ങളൊരുമിച്ചായിരുന്നു, ഞങ്ങൾ സുഹൃത്തുക്കളാണ്. അദ്ദേഹം ഉദ്യോഗത്തിൽനിന്ന് വിരമിച്ച് അവയെ വിടാൻപോകുകയാണെന്നും അദ്ദേഹത്തിന് പകരമായി ഉൽക്കാശിലകളെയും ധാതുക്കളെയും കുറിച്ചുള്ള വിജ്ഞാനത്തിൽ മുഴുകേണ്ട വ്യക്തി ഞാനാണെന്നും അദ്ദേഹം എന്നോടു പറഞ്ഞു. അങ്ങനെ, ഒരിക്കൽക്കൂടി മാറാനും പിന്നെ ഒരിക്കലും മാറാതിരിക്കാനും ഞാൻ തീരുമാനിച്ചു. ഇപ്പോഴിനി ഉൽക്കാശിലകളെ കൈകാര്യംചെയ്യാനും അവയുടെ ശേഖരം വികസിപ്പിച്ച് ജനങ്ങൾക്കായി തുറന്നുകൊടുക്കാനുമുള്ള ശ്രമങ്ങളാണ് ഞാൻ നടത്താൻപോകുന്നത്. പക്ഷെ, ഇപ്പോൾ എനിക്കുള്ള സ്ഥാനം ചില വിശേഷാധികാരങ്ങളുള്ളതാണ്, കുറെക്കൂടി ഉയർന്ന തലത്തിലുള്ള ഗവേഷണം നടത്താൻ എനിക്കാകും. ഞങ്ങളുടെ കൈവശം ഉൽക്കാശിലകളുടെ ചരിത്രപരമായ ശേഖരമുള്ളതുവച്ച് ഞാൻ ചെറിയ കാര്യങ്ങളാണ് ചെയ്തിരുന്നത്. പക്ഷെ എനിക്കിപ്പോൾ മറ്റൊരു തലത്തിൽ ചിന്തിക്കാനാകും. തിരഞ്ഞെടുക്കാനുള്ള തലത്തിൽ എനിക്ക് ചിന്തിക്കാനാകും. എല്ലാക്കാര്യങ്ങളും ചെയ്യാനല്ല, പ്രധാനപ്പെട്ടത് എന്ന് ഞാൻ കരുതുന്ന പഠനം തിരഞ്ഞെടുക്കാൻ. എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമായിട്ടുള്ളത് ജലവും ജൈവപദാർഥങ്ങളും കാർബണും അത്തരം വസ്തുക്കളുമാണ്. ധാരാളം കാർബണുള്ളവ ഉൾപ്പെടെ ഇത്തരം നല്ല ഉൽക്കാശിലകൾ ഇപ്പോൾ ഞങ്ങളുടെ കൈവശം പലതുണ്ട്.

വി.കൈ: അത് രസകരമായിരിക്കുന്നു, എന്തെന്നാൽ, കുറച്ചുകാലംമുൻപ്, ഈ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിറമുള്ള മഴയുണ്ടായി. അത് പഠിക്കാനുള്ള അവസരം എനിക്ക് കിട്ടിയിരുന്നു. ഇത്തരം മഴ ആദ്യമായി റിപ്പോർട്ട് ചെയ്ത പ്രദേശത്ത് ഒരു ഉൽക്കാശില പതിച്ചതിന്റേതെന്ന് തോന്നിക്കുന്ന ലക്ഷണങ്ങളുണ്ടായിരുന്നു. അത് പതിച്ചു എന്ന് കരുതാവുന്ന സ്ഥലംവരെ അതിന്റെ പാത ഞാൻ തിരിച്ചറിഞ്ഞു, പക്ഷെ ഉൽക്കാശിലയൊന്നും അവിടെ കണ്ടില്ല. എന്നുതന്നെയല്ല, മഴയ്ക്ക് നിറംനൽകിയ വസ്തു ധൂളിയല്ല, ഒരു ജൈവപദാർഥമാണെന്നാണ് ഞങ്ങൾ കണ്ടെത്തിയത്.

സാ.മു: അജ്ഞാതമായ ഉത്ഭവസ്ഥാനത്തുനിന്നുള്ള ജൈവപദാർഥം കാര്യമായൊന്നും അവശേഷിപ്പിക്കാതെ ശിഥിലമായിപ്പോകുക എന്നത് ശാസ്ത്രീയമായി സാധ്യമാണെന്നു പറയാം. പ്രാചീനകാലത്ത്, കല്ലുകളുടെയും ലോഹത്തിന്റെയും മഴയെപ്പറ്റി പറയുന്ന കൂട്ടത്തിൽ മൂത്ത പ്ലിനി (Pliny the Elder) “രക്ത”മഴയെപ്പറ്റിയും തന്റെ പ്രകൃതി ചരിത്രം (Natural History) എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. ഇതെല്ലാം വിവരമില്ലാത്തവരുടെ അന്ധവിശ്വാസങ്ങളാണെന്നാണ് പത്തൊമ്പതാം നൂറ്റാണ്ടുവരെ മിക്കവരും വിചാരിച്ചിരുന്നത്. പാറയുള്ള ഉൽക്കാശിലകളും ലോഹമുള്ള ഉൽക്കാശിലകളും ആണെന്ന് തിരിച്ചറിഞ്ഞത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. എന്നാൽ “രക്ത”മഴയ്ക്ക് ഇപ്പോഴും വിശദീകരണമില്ല. ഒരുപക്ഷെ, നിങ്ങൾ പറയുന്ന ഈ നിറമുള്ള മഴയാവാം പ്ലിനി വിവരിച്ച രക്തമഴ, അല്ലെങ്കിൽ അത് വെള്ളത്തിൽ ചെമന്ന കളിമൺതരികൾ കലങ്ങിയതാവാം. അത് ജൈവവസ്തുക്കളാൽ നിർമിതമാണെങ്കിൽ നമുക്ക് പഠിക്കാനായി അധികമൊന്നും അത് അവശേഷിപ്പിക്കില്ല. റഷ്യയിലെ പ്രസിദ്ധമായ അഗ്നിയെപ്പറ്റി അറിയാമോ? തുംഗുഷ്ക്ക ഉൽക്കാശില? അതിന്റെ പ്രശ്നം കാര്യമായ അവശിഷ്ടമൊന്നുമില്ല എന്നതാണ്. ഉൽക്കാശിലകളുടെ കാര്യത്തിൽ അത്ഭുതകരമായ ആശയങ്ങളുള്ളവരുണ്ട് എന്നതൊരു പ്രശ്നമാണ്. ചിലപ്പോൾ അവർ ഉൽക്കാശിലയാണ് എന്നു പറയുന്നത് പിന്നീട് ഒരു സാധാരണ പാറയാണെന്ന് തെളിയും. ശാസ്ത്രജ്ഞർക്ക് തെറ്റുണ്ടാക്കാൻ ഇഷ്ടമില്ല. അത്ഭുതകരമായ ആശയങ്ങൾ ഉണ്ടാക്കുന്നതിനെക്കാൾ ഭേദം ആ പ്രതിഭാസം അജ്ഞാതമായിത്തന്നെ തുടരുന്നതാണ് എന്നാണവർ കരുതുന്നത്. അതുകൊണ്ടാണ് യൂറോപ്പിലെ ശാസ്ത്രജ്ഞർ ഇരുന്നൂറുവർഷം മുൻപുവരെ ഉൽക്കാശിലകളിൽ വിശ്വസിക്കാതിരുന്നത്. ലഭ്യമായ തെളിവുകൾകൊണ്ട് സമർഥിക്കാനാവാത്ത ആശയങ്ങളുമായി വരികയും പിന്നീട് അവ തെറ്റാണെന്ന് തെളിയുകയും ചെയ്യുന്ന യുവശാസ്ത്രജ്ഞരെപ്പോലെ തെറ്റുകളുണ്ടാക്കാൻ അവർക്ക് ഇഷ്ടമില്ലാത്തതുകൊണ്ട്. അതുകൊണ്ട് ഞങ്ങൾക്ക് തെറ്റുവരുത്തുമോ എന്ന ഭയമുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ തെറ്റു വരുത്തുന്നതിനേക്കാൾ ഭേദം ശാന്തരും അജ്ഞരുമായി തുടരുന്നതാണ്!

വി.കൈ: താങ്കളിപ്പോൾ കേരളത്തിൽ എന്താണ് ചെയ്യുന്നത് എന്നു വിശദീകരിക്കാമോ?

സാ.മു: ഞാൻ കഴിഞ്ഞവർഷവും ഇവിടെ വന്നിരുന്നു, അപ്പോൾ എനിക്ക് ചില സാമ്പിളുകൾ ലഭിച്ചിരുന്നു. ആ വഴിയിലൂടെത്തന്നെ എന്റെ ഗവേഷണം തുടരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. വാസ്തവത്തിൽ, എന്റെ ജീവിതകാലത്ത് ഞാൻ കൂടുതൽ സമയവും പ്രവൃത്തി എടുത്തിരുന്നത് ഫെൽഡ്സ്പാറിലാണ് (feldspar). ഭൂവൽക്കത്തിലെ പ്രധാനപ്പെട്ട ധാതുവാണത്, പക്ഷെ, ചന്ദ്രന്റെയും ചൊവ്വയുടെയും പുറംതോടിൽ ഏറ്റവുമധികം കാണപ്പെടുന്ന ധാതുവും ഇതുതന്നെ. അങ്ങനെ, എന്റെ ജീവിതത്തിൽ ഏറ്റവുമധികം പഠനം നടത്തിയത് ഫെൽഡ്സ്പാറിലായതിനാൽ എന്റെ കൈവശം സാമ്പിളുകളുടെ നല്ലൊരു ശേഖരമുണ്ട്. എന്നാൽ, ഒരു പ്രത്യേകതരം സാമ്പിളുകൂടി അതോടൊപ്പം ചേർക്കാൻ എനിക്കാഗ്രഹമുണ്ട്. ഈ സാമ്പിളുകൾ കാണപ്പെടുന്നത് കേരളത്തിലും തമിഴ് നാട്ടിലുമാണ്. അവ കണ്ടുപിടിച്ച് ഉൽക്കാശിലകളിൽ സാധാരണയായി കാണുന്നതരം ധാതുക്കളുടെ സ്വഭാവം കൃത്യമായി വിവരിക്കാൻ ആവശ്യമായ ഫെൽഡ്സ്പാറുകളുടെ പൂർണ്ണമായ ശേഖരം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് ഞാൻ.

വി.കൈ: എനിക്ക് വ്യക്തിപരമായി താൽപ്പര്യമുള്ള വിഷയമാണ് ഇനി ചോദിക്കുന്നത്. മിന്നൽ ഭൂമിയിൽ പതിക്കുമ്പോഴുണ്ടാകുന്ന ഫുൾഗറൈറ്റുകളുടെ കാര്യമാണ്. അവ പഠിക്കുന്നതിലൂടെ അവയുണ്ടായ സമയത്തെ അവയിലെ താപനില നിർണയിക്കാനാകുമോ എന്ന് ഞാൻ ചിന്തിക്കുകയായിരുന്നു, കഴിയുമെങ്കിൽ അവയെ സൃഷ്ടിച്ച വൈദ്യുതപ്രവാഹം എത്രയാവാമെന്ന് കണക്കുകൂട്ടാൻ കഴിഞ്ഞേക്കും.

സാ.മു: ഉൽക്കാശിലകളെപ്പോലെതന്നെ ആകാശത്തുനിന്ന് വരുന്നതാണ് മിന്നലും എന്ന് താങ്കൾക്കറിയാമല്ലോ. ദിവ്യശക്തിയാലുണ്ടാകുന്നതാണെന്ന് മനുഷ്യർ കരുതിയിരുന്ന ഒന്നാണ് മിന്നൽ. ആകാശവുമായി ബന്ധപ്പെട്ട എന്തും ദിവ്യമായിത്തീരുമല്ലോ. മതങ്ങളുടെ പരിണാമത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടിൽ, നമ്മൾ ദിവ്യത്വത്തെ ഭൂമിയിൽനിന്ന് ആകാശത്തേക്ക് മാറ്റി. ഭൂമിയിലോ ഭൂമിക്കുള്ളിലോ ആയിരുന്ന യഥാർഥത്തിൽ ദിവ്യമായവ മതങ്ങളുടെ പരിണാമത്തിലൂടെ സ്വർഗത്തിലേക്ക് മാറി. പക്ഷെ, എന്റെ കാഴ്ചപ്പാടിൽ മിന്നലിന്റെ പ്രഭാവത്തിൽ തികച്ചും സവിശേഷമായി ഒന്നുമില്ല. അത് മേഘങ്ങളും ഭൂമിയുമായി വോൾട്ടതയിലുള്ള വ്യത്യാസം മാത്രമാണ്. ജൂൾ പ്രഭാവത്തിലൂടെ അത് ഭൂമിയുടെ ഉപരിതലത്തിൽ വലിയ ചൂടുണ്ടാക്കുന്നവിധത്തിൽ ഒരു വൈദ്യുതപ്രവാഹമുണ്ടാകുന്നു എന്നുമാത്രം. പാറകൾ വൈദ്യുതരോധകങ്ങളായതിനാൽ അവയിലെ ഫെൽഡ്സ്പാറുകളുരുകി ഗ്ലാസുപോലത്തെ ഒരു പദാർഥമുണ്ടാകുന്നു.

വി.കൈ: വാതകങ്ങളുടെ മിശ്രിതത്തിലൂടെ വൈദ്യുത സ്പാർക്കുകൾ കടത്തിവിട്ടപ്പോൾ ജൈവതന്മാത്രകളുണ്ടാകുന്നതായി കണ്ടെത്തിയ യൂറെ-മില്ലർ പരീക്ഷണത്തെപ്പറ്റി അറിയാമല്ലോ. അതുകൊണ്ട് ഞാൻ ചിന്തിക്കുകയായിരുന്നു ആദ്യകാല മിന്നലുകൾ സൃഷ്ടിച്ച ഫുൾഗറൈറ്റുകൾ കണ്ടെത്താനാകുമോ എന്ന്.

സാ.മു: മിന്നൽ എന്നത് ഒരു സാധാരണപ്രതിഭാസമാണ്. മിന്നലിലെ ഊർജം ഭൂമിയുടെ ഉപരിതലത്തിൽ രാസപ്രക്രിയകളുണ്ടാക്കിയേക്കാം, ജൈവപദാർഥങ്ങളുൾപ്പെടുന്നവയുൾപ്പെടെ. എനിക്കറിയാവുന്നിടത്തോളം, പല സ്ഥലങ്ങളിലും ഫുൾഗറൈറ്റുകൾ കാണാനാകും. ഇപ്പോൾത്തന്നെ പർവതങ്ങളിൽ ചിലയിടങ്ങളിൽ ത്രികോണാകൃതിയിലുള്ളതും ആന്റിനപോലെ പ്രവർത്തിക്കുന്നതുമായ ചില സ്ഥലങ്ങളുണ്ട്, അവിടങ്ങളിൽ ധാരാളം മിന്നലേൽക്കും. അവിടെപ്പോയി ഈ പദാർഥമെടുക്കാനാകും. പക്ഷെ, വളരെ പഴക്കംചെന്ന, ഒരു നാനൂറുകോടി വർഷം പഴക്കമുള്ള, ഫുൾഗറൈറ്റുകൾ കണ്ടെത്താൻ വളരെ പ്രയാസമായിരിക്കും, എന്തെന്നാൽ, ഈ ഗ്രഹത്തിലെ ഏറ്റവും പഴക്കംചെന്ന പാറകൾക്ക് വളരെ ഉയർന്ന താപനിലകളിലും മർദങ്ങളിലും രൂപാന്തരം സംഭവിച്ചുകഴിഞ്ഞിരിക്കുന്നു.

വി.കൈ: ഉൽക്കാശിലകളെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഇന്ത്യയിലെ അവസ്ഥയെന്താണ്?

സാ.മു: ഓ, അതു പറയാൻ എനിക്കാവില്ല. അതിന് അനുയോജ്യനായ വ്യക്തി ഡോ. സജിൻ കുമാറാണ്1. അദ്ദേഹത്തിന് എന്നെക്കാൾ വളരെക്കൂടുതൽ അറിയാം.

വി.കൈ: സ്പെയ്നിൽ മോണസൈറ്റും ഇൽമെനൈറ്റുമുണ്ടോ?

സാ.മു: അവ വളരെ സാധാരണമായ ധാതുക്കളാണ്. ദ്രവിച്ച കരിങ്കല്ലുമായി ബന്ധപ്പെട്ട കടൽത്തീരങ്ങളിൽ ചെറിയ തോതിൽ കാണപ്പെടുന്ന ഭാരംകൂടിയ ധാതുക്കളാണവ. കരിങ്കല്ലിന്റെ വിഘടനത്തിന്റെ ഭാഗമായി ഗുരുത്വാകർഷണബലത്താൽ ഈ ധാതുക്കൾ കടൽപ്പുറങ്ങളിൽ കേന്ദ്രീകൃതമാകുന്നുണ്ട്. പക്ഷെ, സാമ്പത്തികമായി ഗുണമുള്ള തോതിൽ ഖനനം ചെയ്യാനാവശ്യമായ അളവിൽ ഇവ സ്പെയ്നിൽ ലഭ്യമല്ല. അഴുകുന്ന കരിങ്കല്ലുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ കടൽപ്പുറങ്ങളിലും ഇൽമനൈറ്റിന്റെയും മോണസൈറ്റിന്റെയും പരൽത്തരികളുണ്ടാകും.

റൂട്ടൈലിലും കുറച്ചൊക്കെ അനേറ്റസിലുമാണ് (anatase) സാധാരണയായി ടൈറ്റാനിയം കാണപ്പെടുന്നത്. അത് സിർക്കോണിയം നിക്ഷേപങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അതുകൊണ്ട്, ഘനധാതുക്കൾ ധാരാളമുള്ള മണലുള്ളപ്പോൾ അവ ഗുരുത്വാകർഷണത്താലോ വൈദ്യുതിയുപയോഗിച്ചോ ജലത്തിലൊഴുക്കിയോ വേർതിരിക്കുന്നു. സിർക്കോണിയത്തിന്റെയും ടൈറ്റാനിയത്തിന്റെയും ഉൽപ്പന്നങ്ങളുടെ മിശ്രിതമായാണ് കടൽപ്പുറത്തുള്ള മണൽ മുഴുവനും ലഭ്യമാകുന്നത്. ടൈറ്റാനിയം വളരെയേറെ വിലമതിക്കുന്നതാണ്. ഈ നിക്ഷേപങ്ങൾ പ്രധാനമായും ദക്ഷിണാഫ്രിക്കയിലും ആസ്ട്രേലിയയിലുമാണ് കാണപ്പെടുന്നത്. ആസ്ട്രേലിയയിൽ അവർക്ക് ഘനധാതുക്കളുടെ കൂറ്റൻ നിക്ഷേപങ്ങളുണ്ട്. അത് സുപ്രധാനമായ സാമ്പത്തികപ്രാധാന്യമുള്ള നിക്ഷേപങ്ങളാകുന്നതിനു കാരണം സിറാമിക്സിലും വെളുത്ത പെയിന്റിലും രാസവസ്തുക്കളിലും മറ്റും ഉപയോഗമുള്ളതുകൊണ്ടാണ്.

വി.കൈ: ഒരു പ്രസാധകൻ എന്ന നിലയിൽ ഞങ്ങൾക്ക് താങ്കളുടെ പുസ്തകങ്ങളിൽ താൽപ്പര്യമുണ്ട്. എത്ര പുസ്തകങ്ങളാണ് താങ്കൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്?

സാ.മു: ഇതുവരെ രണ്ടെണ്ണം. ഒന്ന് സിറാമിക് അസംസ്കൃതപദാർഥങ്ങളെക്കുറിച്ചു രണ്ടു വോള്യമുള്ള പുസ്തകമാണ്. രണ്ടാമത്തേതിൽ ഞാൻ എഡിറ്ററായാണ് പ്രവർത്തിച്ചത്. അത് ഖരാവസ്ഥയിലെ, വിശേഷിച്ച് ധാതുശാസ്ത്രമുൾപ്പെടെയുള്ള മെറ്റീരിയൽ സയൻസിലെ ന്യൂക്ലിയർ മാഗ്നറ്റിക് റെസൊണൻസ് (Nuclear Magnetic Resonance, NMR) എന്ന വിഷയത്തെക്കുറിച്ചാണ്. പ്രകൃതിയിലെ പരമാണുക്കളുടെ ചിട്ടയുടെ ഉത്ഭവം വിവരിക്കാനായി പരലുകളുടെ ചിട്ട വിവരിക്കാൻ ഉപയോഗിക്കാവുന്ന ഭൗതികശാസ്ത്രവിദ്യയാണ് NMR. എന്നാൽ, കഴിഞ്ഞ ഏതാണ്ട് പത്തുവർഷമായി വ്യത്യസ്തമായ വിഷയത്തിലുള്ള, ഇതുവരെ പേരിട്ടിട്ടില്ലാത്ത, ഒരു പുസ്തകത്തിന്റെ രചനയിലാണ് ഞാൻ മുഴുകിയിരിക്കുന്നത്. അതിന് പേരിട്ടിട്ടില്ലെങ്കിലും അത് മനുഷ്യവിജ്ഞാനത്തിന്റെ നരവംശശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. ഞാൻ ജീവിതകാലത്ത് പല കാര്യങ്ങൾ ചെയ്തിട്ടുള്ളതുകൊണ്ട് ഒടുവിൽ അറിവിനെ വളരെ വ്യത്യസ്തമായ കാഴ്ചപ്പാടിൽ കാണാൻ എനിക്കാകുന്നുണ്ട്. അത് ഞാൻ പൂർത്തീകരിച്ചിട്ടില്ല, പക്ഷെ അതിന്റെ ശീർഷകം ഏതാണ്ട് ഇതുപോലെയായിരിക്കും: “അറിവിന്റെ പരിണാമം”. വിവിധസംസ്കാരങ്ങൾ പ്രകൃതിയെ മനസ്സിലാക്കിയതിന്റെയും മനുഷ്യചരിത്രത്തിന്റെയും അടിസ്ഥാനത്തിൽ വി‍ജ്ഞാനം എങ്ങനെ പരിണമിച്ചു എന്നതായിരിക്കും അത് ചർച്ചചെയ്യുക. കഴിഞ്ഞ പത്തുവർഷമായി ഞാൻ അതിനുവേണ്ടി പ്രയത്നിക്കുകയാണ്, ഒരുപക്ഷെ അത് ഈവർഷംതന്നെ ഞാൻ പൂർത്തിയാക്കിയേക്കും. പലതരത്തിലുള്ള യുക്തിവാദങ്ങളിൽനിന്നുള്ള, സാദൃശ്യത്തിന്റെ അടിസ്ഥാനത്തിലുള്ള യുക്തിവാദം മുതൽ വെളിപാട്, അനുമാനം (deduction), ആഗമനം (induction), അങ്ങനെ വിവിധ മാർഗങ്ങളിലൂടെയുള്ള പരിണാമം എന്ന ആശയം വികസിപ്പിച്ചെടുക്കണം എന്നാണ് ആഗ്രഹിക്കുന്നത്. വ്യത്യസ്ത ചിന്താരീതികളെ വിവിധ സംസ്കാരങ്ങളിൽ വികസിച്ചുവന്ന വ്യത്യസ്ത തത്വസംഹിതകളുമായി ബന്ധിപ്പിക്കാൻ ഞാൻ ശ്രമിക്കും. ഞാൻ വേഗംതന്നെ പൂ‍ർത്തിയാക്കാൻ ഉദ്ദേശിക്കുന്ന മൂന്നാമത്തെ പുസ്തകമാണിത്. ആദ്യമായി സ്പാനിഷ് ഭാഷയിൽ. ഞാൻ വിവിധ സ്ഥലങ്ങളിൽ കുറേ യാത്രകൾ ചെയ്യുകയായിരുന്നു. ഉദാഹരണമായി, ഞാൻ കംബോഡിയയിലായിരുന്നു, അവിടത്തെ ഖ്മേർ സംസ്കാരത്തെപ്പറ്റി മനസ്സിലാക്കാൻ. അയുത്താഹയെപ്പറ്റി മനസ്സിലാക്കാൻ ഞാൻ തായ്‍ലണ്ടിൽ യാത്രചെയ്തു. പ്രാചീന ഗ്രീക്ക് സംസ്കാരത്തെപ്പറ്റി മനസ്സിലാക്കാൻ ഞാൻ ഗ്രീസിലും ക്രീറ്റിലും സഞ്ചരിച്ചു. വിവരങ്ങൾ ശേഖരിക്കാനായും ഞാൻ വിവിധ സ്ഥലങ്ങളിലും യൂറോപ്പിലും യാത്രചെയ്യുകയായിരുന്നു. എന്റെ ഭാര്യ ഇന്തൊനേഷ്യക്കാരിയായതുകൊണ്ടും അവരിപ്പോൾ അവിടെയായതുകൊണ്ടും ആ രാജ്യത്ത് സുമാത്ര, ജാവ, കലിമന്തൻ, ബാലി, തുടങ്ങിയവ ഉൾപ്പെടെ ഞാൻ അനേകം സ്ഥലങ്ങൾ സന്ദർശിച്ചു. കൂടാതെ വിജ്ഞാനത്തിന്റെ പരിണാമത്തെപ്പറ്റി മനസ്സിലാക്കാനായി ഞാൻ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു.

2009ൽ ഒരു സ്ഥിരം ജോലി ലഭിച്ചതിനുശേഷം ഒരു ജോലിയിൽനിന്ന് മറ്റൊന്നിലേക്ക് ചാടുന്നതിൽനിന്ന് സ്വതന്ത്രമായതിനുശേഷം മാത്രമാണ് ഈ പ്രോജക്ടിൽ ഞാൻ പണിയെടുക്കാൻ തുടങ്ങിയത്. അപ്പോൾ എനിക്ക് സത്യത്തിൽ താൽപ്പര്യമുള്ള വിഷയത്തിൽ പണിയെടുക്കാനായി. അത് അറിവിന്റെ മാറ്റത്തെക്കുറിച്ചും വ്യക്തിപരമായ അറിവിനെയും സമൂഹത്തിന്റെ പാരമ്പര്യനിഷ്ഠകളെയും വ്യത്യസ്ത ജനവിഭാഗങ്ങൾ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചുമാണ്. പിന്നെ ജനങ്ങളുടെ വിജ്ഞാനത്തെപ്പറ്റി മനസ്സിലാക്കാനായി പ്രകൃതിയുമായുള്ള അവരുടെ പരസ്പരവ്യവഹാരം എങ്ങനെ നിർവഹിക്കുന്നു എന്നു പഠിച്ചു. ഒരേ കാര്യത്തെത്തന്നെ നിരീക്ഷിച്ചുകൊണ്ട് വ്യത്യസ്തരായ ജനങ്ങൾ യാഥാർഥ്യത്തെക്കുറിച്ച് തികച്ചും വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങളിലും വിശദീകരണങ്ങളിലും എത്തിച്ചേരുന്നു. അറിവിൽ ഇത്രയേറെ വൈവിധ്യമുണ്ടാകാനായി നമ്മുടെ മനസ്സിൽ നടക്കുന്ന താരതമ്യപ്പെടുത്തലിന്റെ ഈ പ്രക്രിയയിൽ ഞാൻ വളരെ തൽപ്പരനാണ്. ആഫ്രിക്കയിലെ ജനങ്ങൾ മനസ്സിലാക്കുന്നത് തെറ്റാണെന്നോ അവർ വിവരമില്ലാത്തവരോ മന്ദബുദ്ധികളോ പ്രാകൃതരോ മറ്റെന്തോ ആണെന്നോ എനിക്കു പറയാനാവില്ല, അത് തികച്ചും വിവേകശൂന്യമാണ്. അവർക്ക് അവരുടെ സംസ്കാരമുണ്ട്, അവരുടെ അറിവുണ്ട്, അത് പ്രാവർത്തികവുമാണ്. നമ്മിൽനിന്ന് വളരെ വ്യത്യസ്തമായി ചിന്തിക്കുന്നവരോട് നമുക്കു പറയാവുന്ന ഏക കാര്യം ന്യായത്തിനുവേണ്ടി നമുക്കൊരുമിച്ച് പ്രവർത്തിക്കണമെന്നും അത് ചെയ്യുന്നത് ശാസ്ത്രത്തിന്റെ പശ്ചാത്തലത്തിലാകുന്നത് നന്നായിരിക്കും എന്നും മാത്രമാണ്.

വി.കൈ: ഇത്രയും സമയം ഞങ്ങൾക്കുവേണ്ടി ചെലവഴിച്ചതിനു നന്ദി, താങ്കളുടെ ഉൽക്കാശിലകൾക്കുള്ള തിരച്ചിൽ ഫലപ്രദമാകട്ടെ എന്നാശംസിക്കുന്നു.

സാ.മു.: നന്ദി.

1 കേരളസർവകലാശാലയിലെ ജിയോളജി വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. സജിൻ കുമാർ.

Luis Sánchez Muñoz

Had the good fortune to attend a talk on “Meteorites: Rocks and Minerals from Outer Space” by Dr. Luis Sanchez Munoz of the National Museum of Natural Sciences, Madrid, Spain, this evening around half past four at the Science and Technology Museum, Thiruvananthapuram. It was an interesting talk in spite of his natural limitation in speaking in English, which he himself acknowledged gracefully. But after that, I got the opportunity to interview him for Vijnanakairali, where we talked about many subjects including his life and work and what he is doing in Kerala. I appreciate his frankness in answwering questions without inhibitions and thank him for his time and patience.

ഇന്നു വൈകിട്ടു് നാലര മണിക്കു് ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽവച്ചു് ബ്രെയ്ക്ത്രൂ സയൻസ് സൊസൈറ്റിയും മ്യൂസിയവും കേരള സർവ്വകലാശാലയിലെ ജിയോളജി വിഭാഗവും ചേർന്നു് സംഖഘിപ്പിച്ച സ്പെയ്നിലെ മാഡ്രി‍ഡിലുള്ള നാഷണൽ മ്യൂസിയം ഒഫ് നാച്ചുറൽ സയൻസസിലെ ഡോ. ലൂയി സാഞ്ചേസ് മുന്യോസിന്റെ “മീറ്റിയോറൈറ്റുകൾ: ബഹിരാകാശത്തുനിന്നുള്ള പാറകളും ധാതുക്കളും” എന്ന പ്രഭാഷണം കേൾക്കാനുളം അദ്ദേഹവുമായി ഒരഭിമുഖം നടത്താനുമുള്ള അവസരം ലഭിക്കുകയുണ്ടായി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന വിജ്ഞാനകൈരളി എന്ന മാസികയ്ക്കുവേണ്ടിയായിരുന്നു അഭിമുഖം. ഇംഗ്ലിഷ് സംസാരിക്കുന്നതിൽ അദ്ദേഹത്തിനുണ്ടെന്നു് സാഞ്ചേസ് മ്യൂനോസ് തന്നെ സമ്മതിക്കുന്ന പരിമിതികളെല്ലാം നിലനിൽക്കെത്തന്നെ അദ്ദേഹത്തിന്റെ പ്രഭാഷണം വളരെ വിജ്ഞാനപ്രദവും രസകരവുമായിരുന്നു. അതിനുശേഷം നടത്തിയ അഭിമുഖത്തിൽ അദ്ദേഹത്തിന്റെ കുടുംബകാര്യങ്ങൾ മുതൽ അദ്ദേഹം ചെയ്ത ജോലികളും ഇപ്പോൾ ചെയ്യുന്ന ഗവേഷണവും കേരളത്തിൽ വന്നതിന്റെ കാര്യവും എല്ലാം ഉൾപ്പെട്ടു. യാതൊരു സങ്കേചവുമില്ലാതെ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞ അദ്ദേഹത്തിനു് എന്റെ നന്ദിയും അഭിനന്ദനവും സമർപ്പിക്കുന്നു.

സാഞ്ചേസ് മ്യുനോസ് പ്രബന്ധം അവതരിപ്പി്കുന്നു
സാഞ്ച്സ് മ്യൂനോസുമായുള്ള അഭിമുഖം. അപ്പുറത്തിരിക്കുന്നതു് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അസിസ്റ്റന്റ് ഡയറക്ടർ ഡോ. ഷിബു ശ്രീധർ.

തമോദ്വാരങ്ങളെന്നാൽ എന്താണു്?

ഏഴാംക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി ഇന്നെന്റെ വീട്ടിൽ വന്നിരുന്നു. ധാരാളം വായിക്കാനും അറിയാനും ഇഷ്ടമുള്ള അമ്മുവിനു് തമോദ്വാരം (black hole) എന്നാൽ എന്താണെന്നു് അറിയണം. ഏഴാംക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിക്കു് ഇത്രയും സങ്കീർണ്ണമായ ഒരാശയം മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ അവതരിപ്പിക്കുക, അതും യാതൊരു തയാറെടുപ്പുമില്ലാതെ, എന്നതു് കഠിനമാണു് എന്നതു് അറിഞ്ഞുകൊണ്ടുതന്നെ ഞാൻ ആ വെല്ലുവിളി ഏറ്റെടുത്തു. അതിൽ വിജയിച്ചോ ഇല്ലയോ എന്നറിയില്ല. എന്തായാലും രണ്ടുകാര്യങ്ങൾ വ്യക്തമായി. ഒന്നാമതായി, ഇത്തരമൊരാശയം മനസ്സിലാക്കുക എന്നതു് പത്തു മിനിട്ടുകൊണ്ടു പറ്റുന്ന കാര്യമല്ല, വിശേഷിച്ചു് മനുഷ്യനു് നേരിട്ടു് അനുഭവമില്ലാത്ത ചതുർമാന സ്പേസിനെക്കുറിച്ചും ത്രിമാന സ്പേസിന്റെ വളവിനെക്കുറിച്ചും മാനങ്ങളെന്തെന്നുപോലും അറിയാത്ത ഒരാൾക്കു്. ഏതാനും ദിവസങ്ങളോ ആഴ്ചകളോ ആയി പല തരത്തിലുള്ള വിശദീകരണങ്ങൾ വായിച്ചോ കേട്ടോ അവയെപ്പറ്റി ചിന്തിച്ചോ മാത്രം സ്വായത്തമാക്കാനാകുന്ന ആശയങ്ങൾ. രണ്ടാമതായി, അതു മുഴുവനും മനസ്സിലാക്കുക എന്നതു് ക്ഷിപ്രസാദ്ധ്യമല്ലാത്ത സ്ഥിതിക്കു് അതിന്റെ ഒരേകദേശരൂപം ഉൾക്കൊള്ളുക എന്നതു് മാത്രമേ കഴിയൂ. അതേപ്പറ്റി തുടർന്നു വായിക്കുകയും കേൾക്കുകയും, വിശിഷ്യാ ചിന്തിക്കുകയും ഒക്കെ ചെയ്യുമ്പോൾ കാലക്രമേണ ആ ആശയം മനസ്സിൽ പതിയുകയും, കുഞ്ഞുണ്ണി മാഷ് പറഞ്ഞതുപോലെ, നമ്മളായിത്തീരുകയും ചെയ്യുമ്പോഴേ “മനസ്സിലായി” എന്നു പറയാനാവൂ. മാത്രമല്ല, തമോദ്വാരം എന്ന ആശയം എന്തെന്നു് ചെറുതായി മനസ്സിലാക്കാൻപോലും മറ്റുചില ആശയങ്ങൾ ആദ്യം ഉൾക്കൊള്ളണം. പ്രത്യേകിച്ചു് തയാറെടുപ്പൊന്നും കൂടാതെയാണു് അമ്മുവിനോടു് സംസാരിച്ചതെങ്കിലും അതിന്റെ അനുഭവം വച്ചുകൊണ്ടു് അതെന്താണെന്നു് ഇവിടെ എഴുതാൻ ശ്രമിക്കട്ടെ.

ദ്വിമാനം, ത്രിമാനം, ചതുർമാനം

ആദ്യമായി എന്താണു് മാനം (dimension) എന്നതുകൊണ്ടു് നമ്മൾ ഉദ്ദേശിക്കുന്നതു് എന്നു് വിശദീകരിക്കട്ടെ. ആധുനികശാസ്ത്രം, അഥവാ സയൻസ്, എന്ന പഠനരീതിയിൽ എല്ലാം കൃത്യമായി അളക്കുക എന്നതു് വളരെ പ്രാധാന്യമുള്ള കാര്യമാണു്. നമ്മൾ നീളമളക്കാനായി സാധാരണഗതിയിൽ ഉപയോഗിക്കുന്ന ഉപകരണമാണു് സ്കെയിൽ (scale). ഈ ഉപകരണത്തിന്റെ നീളം സാധാരണഗതിയിൽ ഒന്നു് അല്ലെങ്കിൽ അര “അടി” (foot) ആണു്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, 30 അല്ലെങ്കിൽ 15 സെന്റിമീറ്റർ ആണു്. അതിനു് ഒരിഞ്ചോ അരയിഞ്ചോ വീതിയും ഉണ്ടാകാം, അതുപോലെ ഏതാനും മില്ലിമീറ്റർ കനവും. നാം കാണുന്ന എല്ലാ വസ്തുക്കൾക്കും ഇതുപോലെ നീളവും വീതിയും കനം അല്ലെങ്കിൽ വണ്ണവുമാണു് ഉണ്ടായിരിക്കുക. പന്തുപോലെ ഉരുണ്ട വസ്തുക്കളാണെങ്കിൽ വ്യാസം എന്ന ഒറ്റ അളവിൽ അതിന്റെ വലുപ്പം നമുക്കു് വ്യക്തമാകും. എന്നാലും ഒരു ചതുരക്കട്ടയുടെപോലെ മൂന്നു ദിശകളിൽ ആ വ്യാസം നമുക്കു് അളക്കാനാകും, അല്ലേ? ഈ മൂന്നു ദിശകളെയാണു് നാം മൂന്നു മാനങ്ങളെന്നു വിളിക്കുന്നതു്. നീളം മാത്രമുള്ള ഒരു വസ്തുവിനെ നമുക്കു് സങ്കല്പിക്കാനാകുമോ? സങ്കല്പിക്കുന്ന ഏതു വസ്തുവിനും ചെറിയൊരു വീതിയോ കനമോ കൂടി ഉണ്ടായിരിക്കും, അല്ലേ? ഒരു വരയെപ്പറ്റി ചിന്തിക്കൂ. അതിനു് വീതിയുമില്ല, കനവുമില്ല എന്നു തോന്നിയേക്കാം. എന്നാൽ വീതി തീരെയില്ലാത്ത ഒരു വര നമുക്കു കാണാനാകില്ലല്ലോ. പെൻസിൽകൊണ്ടു് കടലാസ്സിൽ വരച്ച വരയാണെങ്കിൽ ആ പെൻസിലിൽ നിന്നുള്ള കാർബൺ കടലാസിൽ പതിഞ്ഞിരിക്കുന്നതിന്റെ കനം നമ്മൾക്കു കാണാനാകാത്തതുകൊണ്ടാണു് അതിനു് കനമില്ല എന്നു തോന്നുന്നതു്.

ചിത്രം 1:സാധാരണയായി സ്ക്കൂൾക്കുട്ടികൾ ഉപയോഗിക്കുന്ന ഒരു സ്ക്കേൽ. ഇതിനു് ഏകദേശം 6 ഇഞ്ച് നീളവും ഒരിഞ്ച് വീതിയും ഏതാനും മില്ലിമീറ്റർ കനവും ഉണ്ടു്.

എന്തായാലും വരയുടെ കാര്യമവിടെ നിൽക്കട്ടെ. ഒരു കടലാസിൽ ഒരു നേർവര വരച്ചാൽ അതിനു് ലംബമായി മറ്റൊരു വരകൂടി വരയ്ക്കാൻ പ്രയാസമില്ലല്ലോ, അല്ലേ? അങ്ങനെ വരയ്ക്കുമ്പോൾ അതിൽനിന്നു് നമുക്കൊരു ചതുരം വരച്ചുണ്ടാക്കാം, ഇല്ലേ? ചതുരമാകുമ്പോൾ അതിനു് നീളവും വീതിയും ഉണ്ടാകും. രണ്ടും തുല്യമാകുമ്പോൾ അതൊരു സമചതുരമാകും. ഇത്രയും മനസ്സിലായോ? പ്രയാസമില്ലല്ലോ, അല്ലേ?

ഇനി പ്രയാസമുള്ള കാര്യങ്ങളിലേക്കു് കടക്കാം. നമ്മൾ ആദ്യമായി നീളം “മാത്രം” ഉള്ള വര വരച്ചു. അതിനു ലംബമായ മറ്റൊന്നു വരച്ചുകൊണ്ടു് നീളവും വീതിയുമുള്ള ചതുരത്തിലെത്തി. ഇപ്പോഴിതു് ഒരു ദ്വിമാന വസ്തുവാണു് എന്നു പറയാം, കാരണം അതിനു് രണ്ടു് അളവുകളുണ്ടു്, നീളവും വീതിയും. ഇനി രണ്ടു വരകൾക്കും ലംബമായി മൂന്നാമതൊരു വര വരയ്ക്കാമോ? വരയ്ക്കാം, പക്ഷെ അതിനു് കടലാസിന്റെ പുറത്തേക്കു് വരയ്ക്കണം, അല്ലേ? അങ്ങനെ വരയ്ക്കാൻ നമുക്കു് കഴിയില്ല. എന്നാൽ നമ്മൾ കാണുന്ന പല വസ്തുക്കൾക്കും ആ രൂപമല്ലേ ഉള്ളതു്? പക്ഷെ, നമ്മൾ ജീവിക്കുന്ന ലോകത്തിൽ ഒരർത്ഥത്തിൽ അതു് സാദ്ധ്യമാണു്. ഉദാഹരണമായി, ഒരു ചതുരക്കട്ട എടുത്തു നോക്കൂ. അതിൽ നാം നേരത്തെ വരച്ച സമചതുരത്തിന്റെ ആകൃതിയിൽ നാലു വക്കുകളും പിന്നെ മൂന്നാമതൊരു ദിശയിൽ മറ്റൊരു വക്കും കാണാനില്ലേ? അതുകൊണ്ടാണു് നമ്മളുടെ ലോകം ത്രിമാന സ്വഭാവമുള്ളതാണു് എന്നു പറയുന്നതു്.

ചിത്രം 2: (a) ഏകമാനം (b) ദ്വിമാനം (c) ത്രിമാനം

ഒരു നേർവര എന്നതു് (വീതിയും കനവുമില്ലെങ്കിൽ) ഏകമാനമാണെന്നു പറഞ്ഞുവല്ലോ. അതു് വളഞ്ഞിരിക്കുകയാണെങ്കിൽ, ആ വളവു കാണണമെങ്കിൽ ദ്വിമാനമായ ഒരു പ്രതലത്തിലേ സാദ്ധ്യമാകൂ എന്നതു് വ്യക്തമാണല്ലോ. ഒരു കടലാസു് എന്നതിനു് വീതിയും നീളവും, പിന്നെ ഒരു ചെറിയ കനവുമുണ്ടെങ്കിലും നാമതിന്റെ ഉപരിതലത്തെ (സത്യത്തിൽ എന്തിന്റെയും ഉപരിതലത്തെ) ദ്വിമാനമായിട്ടാണല്ലോ കാണുന്നതു്. അങ്ങനെ ഒരു ദ്വിമാനവസ്തുവിലല്ലേ വളഞ്ഞ വര വരയ്ക്കാനാകൂ. അതുപോലെ, വളവു കാണണമെങ്കിൽ ഒരു മാനം അധികമുണ്ടെങ്കിലേ ആകൂ. ഉദാഹരണമായി, ഒരു കടലാസിന്റെ ഉപരിതലം ദ്വിമാനമാണെന്നു പറയാം. എന്നാൽ വളഞ്ഞ ഉപരിതലം കാണണമെങ്കിൽ ഒരു ഗോളമോ ഒരു ദണ്ഡോ പോലെയുള്ള ഒരു ത്രിമാനവസ്തുവിലല്ലേ കാണാനാകൂ. അതുപോലെ, ത്രിമാനവസ്തുവിലുള്ള വളവു കാണണമെങ്കിൽ ഒരു ചതുർമാനലോകത്തിലേ സാദ്ധ്യമാകൂ. എന്നാൽ നമുക്കു് അത്തരമൊരു ലോകവുമായി പരിചയമില്ല. അതു് തികച്ചും സാങ്കല്പികമാണു് ഇപ്പോൾ. എന്നാൽ മൂന്നോ നാലോ അതിലധികമോ “മാന”ങ്ങളുള്ള സ്പേസ് സങ്കല്പിക്കാൻ ഗണിതശാസ്ത്രത്തിന്റെ രീതിയിൽ ഒരു ബുദ്ധിമുട്ടുമില്ല. എന്നാൽ, എന്തിനാണു് അത്തരം സ്പേസുകളെപ്പറ്റി ചിന്തിക്കുന്നതു് എന്നു് സംശയിച്ചേക്കാം. ഗണിതശാസ്ത്രത്തിൽ പലപ്പോഴും ആവശ്യത്തിനല്ല ആശയങ്ങളുണ്ടാക്കുന്നതു്, ആദ്യം ആശയമുണ്ടായതിനു് വളരെക്കാലത്തിനു ശേഷമാണു് പലപ്പോഴും അതിന്റെ ഉപയോഗം കണ്ടെത്തുന്നതു്. അതിനുള്ള ഏറ്റവും നല്ല ഉദാഹരണം, ഒരുപക്ഷെ, ഭാരതീയനായിരുന്ന ശ്രീനിവാസൻ രാമാനുജന്റെ കണ്ടെത്തലുകളായിരിക്കും. ഏതാണ്ടു് ഒരു നൂറ്റാണ്ടിനുമുൻപു് മരണമടഞ്ഞ രാമാനുജന്റെ പല സമവാക്യങ്ങളുടെയും ഉപയോഗം ഇപ്പോഴാണു് കണ്ടെത്തുന്നതു്, അതും അക്കാലത്തില്ലായിരുന്ന കംപ്യൂട്ടർ സാങ്കേതികവിദ്യയിലും അർബുദം പോലെയുള്ള ചില രോഗങ്ങളുടെ ചികിത്സയിലും!

സാമാന്യാപേക്ഷികതാസിദ്ധാന്തം

തമോഗർത്തത്തെപ്പറ്റി മനസ്സിലാക്കാനായി ഇനിയറിയേണ്ട ഒരു കാര്യം ആൽബർട്ട് ഐൻസ്റ്റൈന്റെ സാമാന്യാപേക്ഷികതാസിദ്ധാന്തത്തെക്കുറിച്ചാണു്. ഐൻസ്റ്റൈനുമുൻപെന്നും ഐൻസ്റ്റൈനുശേഷമെന്നും ഭൗതികശാസ്ത്രത്തെ രണ്ടായി തിരിക്കാം. ഐൻസ്റ്റൈനു മുൻപുള്ള ഭൗതികശാസ്ത്രത്തിൽ ന്യൂട്ടണും മറ്റും കണ്ടെത്തിയ കാര്യങ്ങളാണു് നിർണ്ണായകം. ന്യൂട്ടന്റെ സിദ്ധാന്തമനുസരിച്ചു്, പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും മറ്റെല്ലാ വസ്തുക്കളെയും അവയുടെ പിണ്ഡത്തിന്റെ ഗുണിതത്തിനു് ആനുപാതികമായും അവ തമ്മിലുള്ള ദൂരത്തിന്റെ വർഗ്ഗത്തിനു് വിപരീതാനുപാതികമായും ആകർഷിക്കുന്നു. ഈ ആകർഷണമാണു് ഭൂമിയെ സൂര്യനു ചുറ്റിലുമുള്ള ഏതാണ്ടു് വൃത്താകൃതിയിലുള്ള പഥത്തിൽ പിടിച്ചുനിർത്തുന്നതും ചന്ദ്രനെ ഭൂമിയുടെ ചുറ്റിലും പിടിച്ചുനിർത്തുന്നതും മറ്റും. ഇന്നും ഇത്തരം കാര്യങ്ങളും മനുഷ്യരയയ്ക്കുന്ന ബഹിരാകാശപേടകങ്ങളുടെ സഞ്ചാരപഥവും കണക്കുകൂട്ടാനായി ന്യൂട്ടന്റെ സിദ്ധാന്തംതന്നെയാണു് ഉപയോഗിക്കുന്നതു്.

എന്നാൽ, ചില പരീക്ഷണങ്ങളിൽ അതിനു് വിശദീകരിക്കാനാകാത്ത ഫലങ്ങൾ കിട്ടിയപ്പോഴാണു് മറ്റൊരു രീതിയിൽ ചിന്തിക്കാൻ ശാസ്ത്രജ്ഞർ മുതിർന്നതു്. അങ്ങനെയാണു് ഐൻസ്റ്റൈൻ തന്റെ “വിശേഷാപേക്ഷികതാസിദ്ധാന്തം” എന്ന ആശയം പ്രസിദ്ധീകരിക്കുന്നതും തുടർന്നു് “സാമാന്യാപേക്ഷികതാസിദ്ധാന്തം” സൃഷ്ടിക്കുന്നതും. ഇവയിൽ ആദ്യത്തേതു് നമ്മുടെ ചർച്ചയ്ക്കു് ആവശ്യമില്ലാത്തതുകൊണ്ടു് അതിപ്പോൾ വിവരിക്കുന്നില്ല. എന്നാൽ, കൂടുതൽ സങ്കീർണ്ണമായ “സാമാന്യാപേക്ഷികതാസിദ്ധാന്തം” (വാസ്തവത്തിൽ “ഗുരുത്വാകർഷണസിദ്ധാന്തം” എന്നു വിളിക്കേണ്ടിയിരുന്നതു്) നമുക്കു് ഈ ചർച്ചയ്ക്കു് അത്യാവശ്യമായതിനാൽ അതേപ്പറ്റി കഴിയുന്നത്ര ലളിതമായി വിവരിക്കാൻ ശ്രമിക്കാം.

വസ്തുക്കൾ പരസ്പരം ആകർഷിക്കുന്നതുകൊണ്ടാണു് നാം മുകളിലേക്കെറിഞ്ഞ ഒരു കല്ലു് താഴേക്കു് വീഴുന്നതു് എന്നാണു് ന്യൂട്ടൺ വിശദീകരിച്ചതെങ്കിൽ ഐൻസ്റ്റൈൻ അതിനെ കണ്ടതു് മറ്റൊരു രീതിയിലാണു്. ദ്രവ്യത്തിന്റെ സാന്നിദ്ധ്യം സ്പേസിൽ വളവുണ്ടാക്കുന്നു എന്നാണു് അദ്ദേഹം പറഞ്ഞതു്. ഇതു് ഗണിതശാസ്ത്രമുപയോഗിച്ചു് വ്യക്തമാക്കുകയും പിന്നീടു് അതു് നിരീക്ഷണങ്ങളിലൂടെ സ്ഥിരീകരിക്കുകയും ചെയ്തതുകൊണ്ടു് ഇക്കാര്യത്തിൽ ഇന്നു് സംശയമേയില്ല. എന്നാൽ അതു് സങ്കല്പിക്കാൻ നമുക്കു് വളരെ ബുദ്ധിമുട്ടാണു്, അല്ലേ? അതുകൊണ്ടുതന്നെയാണു് ഈ സിദ്ധാന്തമുണ്ടായകാലത്തു് അതു് മനസ്സിലാക്കാൻ ശാസ്ത്രജ്ഞരിൽപ്പോലും പലർക്കും കഴിയാതിരുന്നതു്.

സ്പേസിനു് വളവോ?

എന്നാൽ വളഞ്ഞ സ്പേസിനെപ്പറ്റി അതിനുമുൻപേ ഗണിതശാസ്ത്രജ്ഞർ സങ്കല്പിച്ചിരുന്നതിനാൽ അത്തരം സ്പേസിന്റെ പ്രത്യേകതകളെപ്പറ്റി ഗണിതശാസ്ത്രപരമായ അറിവുണ്ടായിരുന്നു. ഈ അറിവുതന്നെയാണു് ഐൻസ്റ്റൈനെ ഈ ആശയം ഉപയോഗിച്ചു് നിരീക്ഷണങ്ങൾ വിശദീകരിക്കാൻ സഹായിച്ചതും.

ഔപചാരികമായ ജ്യോമിതി തുടങ്ങിയതു് യൂക്ലിഡ് ആണെന്നാണു് കരുതപ്പെടുന്നതു്. പരന്ന, അതായതു് വളവില്ലാത്ത പ്രതലത്തിലെ ജ്യോമിതിയാണു് അദ്ദേഹം വിവരിച്ചതു്. നാം ജീവിക്കുന്നതു് ഒരു ഗോളത്തിന്റെ പുറത്താണെങ്കിലും നമ്മളെ അപേക്ഷിച്ചു് അതിന്റെ ഭീമമായ വലുപ്പം കാരണം നമുക്കു് ഭൂമിയുടെ ഉപരിതലം പരന്നതായേ അനുഭവപ്പെടൂ. അതുകൊണ്ടാണല്ലോ പ്രാചീനകാലത്തു് ഭൂമി പരന്നതാണു് എന്നു് മനുഷ്യരിൽ വലിയ ഭാഗവും കരുതിയതു്. പതിനെട്ടാം നൂറ്റാണ്ടിൽ മാത്രമാണു് പരന്നതല്ലാത്ത സ്പേസിന്റെ ജ്യോമിതിയേപ്പറ്റി ചിന്തകളുണ്ടായതു്. 1830നോടടുപ്പിച്ചു് ഹങ്കേറിയൻ ഗണിതശാസ്ത്രജ്ഞനായിരുന്ന ബോള്യായും റഷ്യൻ ഗണിതജ്ഞനായിരുന്ന ലോബാച്ചേവ്സ്ക്കിയും ഹൈപ്പർബോളിക് സ്പേസിനെക്കുറിച്ചു് പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. സ്പേസിനു വളവുണ്ടാകുമ്പോൾ അതു് രണ്ടു വിധത്തിലാകാം എന്നാണു് ഗണിതശാസ്ത്രജ്ഞർ പറയുന്നതു്. ഒന്നു്, ഗോളത്തിന്റെ ഉപരിതലംപോലെ. അതായതു് ആ സ്പേസ് അതിനോടുതന്നെ കൂടിച്ചേർന്നു് നിൽക്കുന്നു. ഒരു ഗോളത്തിന്റെ ഉപരിതലത്തിലെ ഒരു ബിന്ദുവിൽനിന്നു് ഒരു വര വരച്ചുതുടങ്ങിയാൽ അതിനു് തിരികെ അതേ ബിന്ദുവിൽ എത്താനാകുമല്ലോ. ഇത്തരം വളവിനു് പോസിറ്റീവ് വളവു് (positive curvature) എന്നു പറയുന്നു. ഇനി മറ്റൊന്നാണു് ആദ്യം പറഞ്ഞ ഹൈപ്പർബോളിക് സ്പേസ്. അവിടെ വളവു് ഹൈപ്പർബോള പോലെ അന്തമില്ലാതെ പോകുന്നതാണു്. മാത്രമല്ല, രണ്ടു ദിശകളിൽ രണ്ടു രീതിയിലാണു് വളയുന്നതു്. സ്വാഭാവികമായും അതു് സങ്കല്പിക്കാൻ എളുപ്പമല്ല. അതിനു് ഒരു ഉദാഹരണമായി പറയാറുള്ളതു് കുതിരയുടെ പുറത്തു് ഇരിക്കാനായി വയ്ക്കുന്ന ഇരിപ്പിടത്തിന്റെ (saddle) ഉപരിതലമാണു്.

ചിത്രം 3: വളഞ്ഞ സ്പേസ് വിശദീകരിക്കുന്ന ചിത്രം. ഇടത്തേയറ്റത്തേതു് ഹൈപ്പർബോളിക് (ബോൾയായ്-ലോബാച്ചേവ്സ്ക്കി) സ്പേസിന്റെ (negative curvature) ഒരു ഉദാഹരണമാണു്. വലത്തേയറ്റത്തേതാണു് പോസിറ്റീവ് വളവുള്ള (positive curvature) പ്രതലത്തിന്റെ ഉദാഹരണം. (ചിത്രത്തിനു് കൃതജ്ഞത: Jhausauer [Public domain])

സ്പേസിനെപ്പറ്റി ഇതുവരെ നമ്മൾ പറഞ്ഞതെല്ലാം ദ്വിമാനസ്പേസിനെക്കുറിച്ചാണു്, അതായതു്, പ്രതലങ്ങളെക്കുറിച്ചാണു്. അതുതന്നെ ദഹിക്കാൻ അത്ര എളുപ്പമല്ല എന്നും നമ്മൾ കണ്ടു. അപ്പോൾ നമുക്കു് തീരെ പരിചിതമല്ലാത്ത ചതുർമാനസ്പേസിനെയും ത്രിമാന സ്പേസിന്റെ വളവിനെക്കുറിച്ചും പറയുമ്പോൾ അതു് ഉൾക്കൊള്ളാനുള്ള ബുദ്ധിമുട്ടു് മനസ്സിലായിരിക്കുമല്ലോ. അതുകൊണ്ടുതന്നെയാണു് നമ്മൾ ത്രിമാനസ്പേസിൽ കാണാവുന്ന ദ്വിമാനസ്പേസിന്റെ വളവിനെക്കുറിച്ചു് പറഞ്ഞതു്. ഈ ആശയം ശരിയായി മനസ്സിലായിക്കഴിഞ്ഞാൽ അതിനെ അടുത്ത മാനത്തിലേക്കു് പറിച്ചുനടുകയേ വഴിയുള്ളൂ. കാരണം നമുക്കു് ചതുർമാനസ്പേസ് സങ്കല്പിക്കാൻപോലും ആവില്ല. അതു് ഗണിതശാസ്ത്രത്തിനു വിട്ടുകൊടുക്കേണ്ടിവരും.

ഇനി ഐൻസ്റ്റൈന്റെ ഗുരുത്വാകർഷണസിദ്ധാന്തത്തെപ്പറ്റി കുറച്ചുകൂടി വിശദമാക്കാം. ന്യൂട്ടന്റെ സിദ്ധാന്തത്തിനു വിരുദ്ധമായി സ്പേസിന്റെ വളവാണു് ഗുരുത്വാകർഷണബലമായി നമുക്കു് അനുഭവപ്പെടുന്നതു് എന്നാണു് ഐൻസ്റ്റൈൻ പറഞ്ഞതെന്നു് ഓർമ്മിക്കുമല്ലോ. അതെങ്ങനെയാണു് സംഭവിക്കുന്നതു് എന്നു പരിശോധിക്കാം.

ഒരു നേർത്ത റബ്ബർഷീറ്റ് വലിച്ചുകെട്ടിയിരിക്കുന്നു എന്നു സങ്കല്പിക്കൂ. ഇനി അതിന്റെ പുറത്തു് ഒരു ചെറിയ കല്ലു വച്ചാൽ എന്തു സംഭവിക്കും? ആ ഭാഗം തുടിയും, ഇല്ലേ? ഇനി അതിൽനിന്നു് വളരെ ദൂരത്തല്ലാതെ ഒരു മണൽത്തരിയിട്ടാൽ അതിനു് എന്തു സംഭവിക്കും? ഷീറ്റു് വളഞ്ഞിരിക്കുന്നതിനാൽ മണൽത്തരി താഴോട്ടു് ഉരുണ്ടു് കല്ലിനു സമീപമെത്തും ഇല്ലേ? ഇതിനുതന്നെയല്ലേ നമ്മൾ “ഗുരുത്വാകർഷണബലം” എന്നു വിളിക്കുന്നതു്? (ചിത്രം 4 നേക്കൂ)

ചിത്രം 4: പദാർത്ഥത്തിന്റെ സാന്നിദ്ധ്യം സ്പേസിനെ എങ്ങനെ വളയ്ക്കുന്നു

ഇനി ഇതെങ്ങനെ തമോഗർത്തത്തിലേക്കു നയിക്കുന്നു എന്നു പരിശോധിക്കാം. നാം റബ്ബർ ഷീറ്റിലിട്ട കല്ലിന്റെ ഭാരം കൂട്ടുകയാണെങ്കിൽ എന്തു സംഭവിക്കും? ഷീറ്റ് കൂടുതൽ കൂടുതൽ തുടിയും അല്ലേ? അങ്ങനെ കല്ലിന്റെ ഭാരം കൂടിക്കൂടി വരുമ്പോൾ ഷീറ്റ് കൂടുതൽകൂടുതൽ തൂങ്ങുകയും കുറേ കഴിയുമ്പോൾ അതങ്ങു് കുഴിഞ്ഞു് വലിയ കുഴിപോലെ ആയിത്തീരുകയും ചെയ്യും, ഇല്ലേ? ആ കല്ലിന്റെ ഭാരം ഒരു പരിധി കഴിയുമ്പോൾ റബ്ബർഷീറ്റ് വളഞ്ഞു് (അതു് പൊട്ടിപ്പോയില്ലെങ്കിൽ) വലിയൊരു കുഴിപോലെ ആയിത്തീരും. അങ്ങനെയാവുമ്പോൾ ആ ഷീറ്റിൽ എവിടെയെങ്കിലും ചെറിയൊരു കല്ലിട്ടാൽ അതു് ഉരുണ്ടു് കുഴിയിൽ വീഴുകയും ഒരുപക്ഷെ നമുക്കു് തിരിച്ചു് എടുക്കാനാവാതെ വരുകയും ചെയ്യാമല്ലോ?

പ്രപഞ്ചത്തിൽ അങ്ങനെ സംഭവിക്കുമ്പോൾ നമ്മൾ ആ പ്രതിഭാസത്തെ തമോദ്വാരം എന്നു വിളിക്കുന്നു. ആദ്യംതന്നെ പറഞ്ഞതുപോലെ, ഇതു് നമുക്കു് സങ്കല്പിക്കാൻപോലും പറ്റാത്ത കാര്യമാണു് എന്നു സമ്മതിച്ചേ തീരൂ. എങ്കിലും വായനക്കാർക്കു് ഇപ്പോൾ ഏകദേശമൊരു ഐഡിയ കിട്ടിയിരിക്കും എന്നു കരുതുന്നു.

ഈ എഴുതിയതു് തമോദ്വാരം എന്ന ആശയം മനസ്സിലാക്കാൻ സഹായിച്ചാലും ഇല്ലെങ്കിലും അഭിപ്രായം കമന്റായി എഴുതുമല്ലോ?

സ്ക്കൂളുകളിൽ ശാസ്ത്രാവബോധം ഉണ്ടാക്കാനായുള്ള പരിപാടി

കോട്ടൺ ഹിൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂൾ

ഹൈസ്ക്കൂൾ വിദ്യാർത്ഥികളുമായി ശാസ്ത്രം, ഗണിതശാസ്ത്രം, തുടങ്ങിയ വിഷയങ്ങളെപ്പറ്റി സംവദിക്കുന്ന ഒരു പരിപാടി ഞാൻ തുടങ്ങിയിരിക്കുന്നു.

ആദ്യമായി 2019 ഡിസംബർ 28നു് തിരുവനന്തപുരത്തെ കോട്ടൺ ഹിൽ സ്ക്കൂളിലാണു് കുട്ടികളുമായി സംവദിച്ചതു്. ഏതാണ്ടു് ഒരു മണിക്കൂർ സംവദിക്കാം എന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയെങ്കിലും കുട്ടികളുടെ നിരന്തരമായ ചോദ്യങ്ങൾ മൂലം അതു് രണ്ടു മണിക്കൂറോളം നീണ്ടുനിന്നു എന്നതു് എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷമുള്ള കാര്യമാണു്. ഏതാനും ചിത്രങ്ങൾ താഴെ കൊടുക്കുന്നു.

പ്രിൻസിപ്പൽ പരിചയപ്പെടുത്തുന്നു
സംവാദത്തിൽ പങ്കെടുത്ത സയൻസ് ക്ലബ് അംഗങ്ങൾ
പരിപാടി നിർത്തിയ ശേഷവും ഈ കുട്ടികൾ ചോദ്യങ്ങൾ തുടർന്നു.

ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂൾ, വട്ടിയൂർക്കാവു്

എന്റെ രണ്ടാമത്തെ സംവാദം 2019 ഡിസംബർ 4നു് വട്ടിയൂർക്കാവിലെ സർക്കാർ ഹയർ സെക്കണ്ടറി സ്ക്കൂളിൽ വച്ചായിരുന്നു. ഉച്ചതിരിഞ്ഞു് 2 മണിക്കു് ആരംഭിച്ചതു് 4 മണിവരെ തുടർന്നു. ചിത്രങ്ങൾ താഴെ.

ടീച്ചർ പരിചയപ്പെടുത്തുന്നു.
വട്ടിയൂർക്കാവു് സർക്കാർ സ്ക്കൂളിലെ വിദ്യാർത്ഥികളുമായുള്ള സംവാദം
സയൻസ് ഗ്രൂപ്പ് എടുത്തു് പഠിക്കുന്ന +1 വിദ്യാർത്ഥികളുമായായിരുന്നു സംവാദം. കൂട്ടത്തിൽ കുറച്ചു് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും ഉണ്ടായിരുന്നു. സമർത്ഥരായ ചില കുട്ടികൾ കുസൃതിചോദ്യങ്ങളും ചോദിച്ചു.

മിന്നലും സുരക്ഷയും

കേരളത്തിൽ മിന്നൽക്കാലം തുടങ്ങിക്കഴിഞ്ഞു, ഏതാനും മരണങ്ങളും സംഭവിച്ചുകഴിഞ്ഞു. ഈ മിന്നൽ എന്നാൽ എന്താണു്? അതിൽനിന്നു് നമുക്കു് എങ്ങനെ രക്ഷപ്പെടാം, നമ്മുടെ കെട്ടിടത്തെയും അതിലെ ഉപകരണങ്ങളെയും എങ്ങനെ രക്ഷിക്കാം തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞിരുന്നാൽ, അതനുസരിച്ചു് പ്രവർത്തിച്ചാൽ, ഈ അപകടമരണങ്ങളും ഒട്ടേറെ നാശനഷ്ടങ്ങളും ഒഴിവാക്കാവുന്നതാണു്. അതെങ്ങനെയാണെന്നു പരിശോധിക്കാം.

മിന്നലെന്നതു് അതിശക്തമായ വൈദ്യുതപ്രവാഹമാണു്. അതു് വായുവിനെ അതികഠിനമായി ചൂടാക്കുന്നതിനാൽ പെട്ടെന്നു് വികസിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനമാണു് (shock wave) ഇടി. ഇതെങ്ങനെയാണു് ഉണ്ടാകുന്നതു് എന്നു പരിശോധിക്കാം.

സാങ്കേതികഭാഷയില്‍  ക്യുമുലോനിംബസ് (Cumulonimbus) എന്നു വിളിക്കുന്ന മേഘത്തില്‍ നിന്നാണു് മിന്നലുണ്ടാകുന്നതു്. ഏതാണ്ടു് ഇരുപതു് കിലോമീറ്റര്‍ വ്യാസവും ഉപരിതലത്തില്‍നിന്നു് ഒന്നോ രണ്ടോ കിലോമീറ്റര്‍ മുതല്‍ പതിനാറോ പതിനേഴോ കിലോമീറ്റര്‍ വരെ ഉയരവുമുള്ള കൂറ്റന്‍ മേഘങ്ങളാണു് ക്യുമുലോനിംബസ്. ഇടിയും മിന്നലും ഉപരിതലത്തില്‍ ശക്തമായ കാറ്റുമുണ്ടാക്കുന്നതിനാല്‍ ഇത്തരം മേഘത്തെ ഇടിമേഘം, അഥവാ തണ്ടര്‍സ്റ്റോം (thunderstorm) എന്നും വിളിക്കാറുണ്ടു്. ഭൂമിയുടെ ഉപരിതലം ചൂടാകുന്നതിലൂടെയോ പര്‍വ്വതത്തിലേക്കു് കാറ്റടിച്ചോ ധാരാളം ഈര്‍പ്പമുള്ള വായു ഉയരുമ്പോഴാണു് നമ്മുടെ നാട്ടില്‍ ഇത്തരം മേഘങ്ങളുണ്ടാകുന്നതു്. ചൂടുള്ള ഏപ്രില്‍-മെയ് മാസങ്ങളിലും തുലാവര്‍ഷക്കാലമായ ഒക്ടോബര്‍-നവമ്പര്‍ മാസങ്ങളിലുമാണു് ഇടിമേഘങ്ങള്‍ ധാരാളമായി കാണുന്നതു്. പകലാകുന്നതോടെ കര ചൂടായിത്തുടങ്ങുന്നു. ഈ ചൂടേറ്റു് കരയോടു് ചേര്‍ന്നുകിടക്കുന്ന വായുവും ചൂടാകുകയും അതിനാല്‍ ഉയരുകയും ചെയ്യുന്നു. ഇങ്ങനെ കരയുടെ മുകളിലുണ്ടാകുന്ന നേരിയ ന്യൂനമര്‍ദ്ദം കടലിനുമുകളിലെ വായുവിനെ കരയിലേക്കു് വലിക്കുന്നു. ഇങ്ങനെയാണു് കടല്‍ക്കാറ്റുണ്ടാകുന്നതു്. കേരളത്തില്‍ കടലില്‍നിന്നു് വളരെ അകലെയല്ലാതെയാണല്ലൊ സഹ്യപര്‍വ്വതം സ്ഥിതിചെയ്യുന്നതു്. അതിനാല്‍ കടല്‍ക്കാറ്റു് സഹ്യപര്‍വ്വതത്തിനു് സമീപമെത്തുകയും പര്‍വ്വതത്തില്‍ത്തട്ടി ഉയരുകയും ചെയ്യുന്നു. ഇതാണു് കിഴക്കുഭാഗത്തായി മേഘമുണ്ടാകാന്‍ സഹായിക്കുന്നതു്. കടലില്‍നിന്നുവരുന്ന വായുവില്‍ ധാരാളം ഈര്‍പ്പമുള്ളതുകൊണ്ടു് ക്യുമുലോനിംബസ് മേഘമുണ്ടാകാന്‍ എളുപ്പമാണു്. ഇങ്ങനെയാവണം കേരളത്തില്‍ ചൂടുകാലത്തു് ഇടിമേഘങ്ങളുണ്ടാകുന്നതു്. ഈ പ്രക്രിയ ഏറെക്കുറെ ശരിയായിരിക്കണമെന്നാണു് തിരുവനന്തപുരത്തെ ഭൌമശാസ്ത്രപഠനകേന്ദ്രത്തില്‍ (Centre for Earth Science Studies) ഡോ. എസ്. മുരളീദാസ് നടത്തിയ പഠനങ്ങള്‍ കാണിക്കുന്നതു്.

മിന്നല്‍ ഒരു വൈദ്യുത പ്രതിഭാസമാണു്. മേഘങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുമ്പോഴാണു് മിന്നലുണ്ടാകുന്നതെന്നു് ചിലരെങ്കിലും ധരിച്ചിട്ടുണ്ടു്. മേഘമെന്താണെന്നതിനേപ്പറ്റി വ്യക്തമായ ധാരണയില്ലാത്തതു കൊണ്ടാണു് ഇങ്ങനെയൊരു വിശ്വാസമുണ്ടാകുന്നതെന്നു തോന്നുന്നു. കൂട്ടിയിടിച്ചു് ശബ്ദമുണ്ടാക്കാനായി മേഘം  മരമോ കല്ലോ പോലെ ഒരു ഖരവസ്തുവല്ലല്ലോ! മേഘമായി നമ്മള്‍ കാണുന്നതു് സൂക്ഷ്മമായ ജലബിന്ദുക്കള്‍ വായുവില്‍ തങ്ങി നില്‍ക്കുന്നതു മാത്രമാണു്. അഥവാ ഇവ കൂട്ടിമുട്ടിയാല്‍ തന്നെ ശബ്ദമോ വെളിച്ചമോ ഉണ്ടാകില്ല എന്നു വ്യക്തമാണല്ലോ.

മേഘത്തിന്റെ വലുപ്പവും അതിനുള്ളില്‍ നടക്കുന്ന ശക്തമായ ചംക്രമണവും ധനചാര്‍ജുകളെ (positive charges) മുകള്‍ഭാഗത്തേയ്ക്കും ഋണചാര്‍ജുകളെ (negative charges) അടിഭാഗത്തേയ്ക്കും വേര്‍തിരിച്ചു നിര്‍ത്താന്‍ കാരണമാകുന്നു. ഈ പ്രക്രിയയ്ക്കു് ചാര്‍ജ് വേര്‍തിരിയല്‍ (charge separation) എന്നു പറയുന്നു. ഇതെങ്ങനെയാണു് സംഭവിക്കുന്നതു് എന്നതിന്റെ വിശദാംശങ്ങള്‍ ശാസ്ത്രജ്ഞര്‍ക്കു് ഇനിയും കൃത്യമായി മനസിലാക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍, ക്യുമുലോനിംബസ് മേഘങ്ങളില്‍ ഐസിന്റെ സാന്നിദ്ധ്യമുള്ളതു് ഇതിനു് സഹായമാകുന്നുണ്ടെന്നു് ധാരണയുണ്ടായിട്ടുണ്ടു്. പക്ഷെ. ഒരു പ്രശസ്ത മിന്നല്‍ ഗവേഷകന്‍ പറഞ്ഞതു് ഇങ്ങനെയാണു്, “ലോകത്തിലുണ്ടാകുന്ന മിന്നലുകളുടെ എണ്ണത്തേക്കാള്‍ അധികമാണു് ചാര്‍ജ് വേര്‍തിരിയല്‍ എങ്ങനെയാണു് ഉണ്ടാകുന്നതു് എന്നതിനെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍” എന്നു്.

മേഘത്തിനുള്ളിലെ ചാര്‍ജുകള്‍ തമ്മിലോ അടിഭാഗത്തെ ചാര്‍ജുകളും ഭൂമിയും തമ്മിലോ വളരെ വലിയ –  കോടിക്കണക്കിനുള്ള – വോള്‍ട്ടത (voltage) ഉണ്ടായിക്കഴിയുമ്പോഴാണു് മിന്നലുണ്ടാകുന്നതു്. മിന്നല്‍ വാസ്തവത്തില്‍ ഒരു വലിയ വൈദ്യുതസ്പാര്‍ക്കാണു്. അതിശക്തമായ കറന്റാണു് മിന്നല്‍പ്പിണറില്‍ പ്രവഹിക്കുന്നതു്  – പതിനായിരക്കണക്കിനു് ആംപിയര്‍. (ഒരു ഹീറ്റര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉപയോഗിക്കുന്നതു് വെറും അഞ്ചോ പത്തോ ആമ്പിയര്‍ മാത്രമാണു് എന്നോര്‍ക്കുക.) ഇതു് വായുവിനെ പെട്ടെന്നു് ചൂടാക്കും. ഏതാണ്ട് മുപ്പത്തൊമ്പതിനായിരം ഡിഗ്രി സെല്‍ഷ്യസാണ് മിന്നല്‍പ്പിണരിലെ താപനില എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇത് സൂര്യന്റെ ഉപരിതലത്തിലെ താപനിലയുടെ (ഏതാണ്ട് 5,800 °C) ആറിരട്ടിയാണ്! ശക്തമായ ഈ ചൂടേറ്റ് വായു പെട്ടെന്ന് വികസിക്കുന്നതു കൊണ്ടുണ്ടാകുന്ന ശബ്ദമാണ് ഇടിയായി നമ്മള്‍ കേള്‍ക്കുന്നത്. ഒരു സൂപ്പര്‍സോണിക് വിമാനം ശബ്ദത്തേക്കാള്‍ വേഗതയില്‍  വായുവിലൂടെ സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന `ഷോക്ക് വേവിനു് (shock wave)’ സമാനമാണിതു്. ഇടി ഇത്ര ശക്തമായ പ്രതിഭാസമായതിനാല്‍  ഒരു വ്യക്തിയില്‍നിന്നു് വളരെ അകലെയല്ലാതെ മിന്നല്‍ പതിച്ചാല്‍ അതുമൂലമുണ്ടാകുന്ന ഇടിയുടെ ആഘാതത്തിലും ആ വ്യക്തിയുടെ ചെവിക്കു് പരിക്കുകളേല്‍ക്കാം.

ഇവയില്‍ അവസാനത്തേതാണു് നമുക്കു് അപകടകാരിയായിരിക്കുന്നതു് എന്നതു് വ്യക്തമാണല്ലൊ. മറ്റു രണ്ടു തരം മിന്നലുകളും വിമാനങ്ങള്‍ക്കു് പ്രശ്നമുണ്ടാക്കാം. ഇതും മേഘത്തിനുള്ളിലെ അതിശക്തമായ ചംക്രമണവും കാരണം വിമാനങ്ങള്‍ ക്യമുലോനിംബസ് മേഘങ്ങളെ ഒഴിവാക്കുകയാണു് പതിവു്.

മിന്നലുണ്ടാകുന്നതെങ്ങനെ

മിന്നല്‍ ഒരു വൈദ്യുതപ്രതിഭാസമാണു് എന്നു് തെളിയിച്ചതു് പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അമേരിക്കന്‍  സാഹിത്യകാരനും സംഗീതജ്ഞനും ശാസ്ത്രജ്ഞനും രാഷ്‌ട്രീയനേതാവും ഒക്കെയായിരുന്ന ബെഞ്ചമിന്‍ ഫ്രാങ്ക്ലിനാണ് (Benjamin Franklin, 1706-1790) എന്നാണ് പൊതുവില്‍ അറിയപ്പെടുന്നത്. എന്നാല്‍ മിന്നല്‍ ഒരു വൈദ്യുതപ്രതിഭാസമാണോ എന്നറിയാനുള്ള ഒരു പരീക്ഷണത്തെക്കുറിച്ച് 1750ല്‍ അദ്ദേഹം എഴുതിയെങ്കിലും, പരീക്ഷണം ആദ്യമായി നടത്തിയത് ഫ്രാന്‍സിലെ തോമസ്-ഫ്രാന്‍സ്വ ദാലിബാഡ് (Thomas-Francois Dalibard, 1709-1778) ആണു്. ഫ്രാങ്ക്ലിന്‍  തന്നെയാണു് മിന്നലില്‍നിന്നു് കെട്ടിടങ്ങളെ രക്ഷിക്കാനുള്ള മിന്നല്‍‌ച്ചാലകം (lightning conductor) കണ്ടുപിടിച്ചതും.  തുടര്‍ന്ന് 1754-ല്‍ ചെക്ക് പാതിരിയായ വത്ലാഫ് പ്രൊകൊപ് ഡിവിസും (Vaclav Prokop Divis) ഇതേ ആശയം സ്വതന്ത്രമായി കൊണ്ടുവന്നു. പിന്നീടു് വ്യത്യസ്തമായ ഒരു രൂപകല്പനയുള്ള മിന്നല്‍രക്ഷാചാലകത്തിനു് 1918ല്‍ സെര്‍ബിയന്‍-അമേരിക്കന്‍ കണ്ടുപിടിത്തക്കാരനായ നിക്കൊളാ ടെസ്ലയ്ക്കു് (Nikola Tesla, 1856-1943) യുഎസ് സര്‍ക്കാര്‍ പേറ്റന്റ് നല്‍കിയിട്ടുണ്ടു് (U.S. Patent 1,266,175). എന്നാല്‍  ശ്രീലങ്കയിലെ അനുരാധപുര എന്ന സാമ്രാജ്യത്തിലെ ആയിരക്കണക്കിന് വര്‍ഷം മുമ്പു് പണിത എല്ലാ ബുദ്ധക്ഷേത്രങ്ങളുടെയും ഏറ്റവും ഉയരമുള്ള ഭാഗത്ത് വെള്ളിയോ ചെമ്പോ കൊണ്ടു തീര്‍ത്ത കമ്പികള്‍ സ്ഥാപിച്ചിട്ടുള്ളതായി കാണാം. ഇവ മിന്നലില്‍നിന്ന് കെട്ടിടത്തെ രക്ഷിക്കാനാണെന്ന് കരുതപ്പെടുന്നു. ലോകത്തിലെ മറ്റു പല ഭാഗങ്ങളിലുമുള്ള ഇത്തരം ബുദ്ധക്ഷേത്രങ്ങള്‍ മിന്നലേറ്റ് നശിച്ചപ്പോഴും ശ്രീലങ്കയിലെ ക്ഷേത്രങ്ങള്‍ മാത്രം രക്ഷപ്പെട്ടു. അതുകൊണ്ടു് മിന്നല്‍രക്ഷാചാലകത്തിന്റെ ശാസ്ത്രം അക്കാലത്തു് ജനങ്ങള്‍ മനസിലാക്കിയിരുന്നു എന്നു് അനുമാനിക്കുന്നതു് ശരിയാവണമെന്നില്ല. അതിന്റെ സത്യാവസ്ഥ അജ്ഞാതമായിത്തന്നെ തുടരാനാണു് സാധ്യത.

വായു സാധാരണഗതിയില്‍ വൈദ്യുത രോധകമാണല്ലൊ. അതുകൊണ്ട് വായുവിലൂടെ വിദ്യുച്ഛക്തി എളുപ്പത്തിലൊന്നും പ്രവഹിക്കില്ല. അതിശക്തമായ വൈദ്യുതക്ഷേത്രമുണ്ടാകുമ്പോള്‍ മാത്രമാണ് വായുവില്‍ക്കൂടി വൈദ്യുതിക്ക് പ്രവഹിക്കാനാകുക. ഈര്‍പ്പമുള്ള വായുവില്‍ മീറ്ററിന് പത്തു ലക്ഷം വോള്‍ട്ട് (1  million volts per metre) എന്ന തോതിലും ഈര്‍പ്പം തീരെയില്ലാത്ത വായുവില്‍ മീറ്ററിന് മുപ്പതു ലക്ഷം വോള്‍ട്ട് എന്ന തോതിലുമുള്ള വൈദ്യുതക്ഷേത്രമുണ്ടായിരിക്കണം മിന്നലുണ്ടാകാനായി.

ഒരു മിന്നല്‍ സംഭവിക്കുന്നത് ഏതാനും മില്ലിസെക്കണ്ടുകള്‍ക്കുള്ളിലാണ്. (ഒരു മില്ലിസെക്കണ്ട് എന്നാല്‍ ഒരു സെക്കണ്ടിന്റെ ആയിരത്തിലൊരംശം.) നാം ഒരൊറ്റ മിന്നല്‍പ്പിണരായി കാണുന്നതു് വാസ്തവത്തില്‍ പല പിണരുകളാണു്. ആദ്യമായി, മേഘത്തില്‍നിന്നു് പടിപടിയായി ഒരു പിണര്‍ താഴേക്കു് ഇറങ്ങിവരുന്നു. ഇതിനു് പടിപടിയായിവരുന്ന വഴികാട്ടി (stepped leader) എന്നു പറയുന്നു. ഇതു് ഭൌമോപരിതലത്തിനു് സമീപമെത്തുമ്പോള്‍  ഒരു മറുപടിയെന്നോണം ഭൂമിയില്‍നിന്നു് ഒരു മറുപിണര്‍ (return stroke) മുകളിലേക്കു് ഉയരുന്നു. ഇതോടെ  വൈദ്യുതിയ്ക്കു് മേഘത്തില്‍നിന്നു് ഭൂമിയിലേക്കു് സുഗമമായി സഞ്ചരിക്കാന്‍ പറ്റുന്ന ഒരു പാത തയാറായിക്കഴിഞ്ഞു. ഇതിലൂടെ മുകളില്‍നിന്നു് താഴേക്കും മറിച്ചും പിണരുകള്‍ പായുന്നു. ഒരു മിന്നലിന്റെ വിഡിയൊ ദൃശ്യം വളരെ ഉയര്‍ന്ന വേഗത്തില്‍ എടുത്തത് (സെക്കണ്ടില്‍ 7207 ഫ്രെയിം എന്ന തോതില്‍) http://vimeo.com/28457062 എന്ന വെബ് പേജില്‍ കാണാം. വളരെ ഉയര്‍ന്ന തോതില്‍ എടുത്തതുകൊണ്ട് അത് സംഭവിക്കുന്നത് നമുക്ക്  വളരെ പതുക്കെ കാണാനാവും മുകളില്‍നിന്ന് ചാര്‍ജുകള്‍ താഴേക്ക് വന്ന് പല ദിക്കുകളിലേക്ക് പടരുന്നതും ഒടുവില്‍ താഴെനിന്ന് ഒരു പിണര്‍ മുകളിലേക്ക് വന്ന് മേഘത്തില്‍നിന്ന് ഭൂമിവരെ ഒറ്റ മിന്നല്‍പ്പിണരായി ചേരുന്നതും ശ്രദ്ധിക്കുക. നാം ഒന്നായി കാണുന്ന ഒരു മിന്നലില്‍ ഇങ്ങനത്തെ നാലോ അഞ്ചോ അതിലധികമോ പിണരുകളുണ്ടാകാം എന്നാണു് നിഗമനം.

എവിടെയെല്ലാമുണ്ടാകുന്നു?

ഏതാണ്ടൊന്നര ദശാബ്ദക്കാലത്തു് കേരളത്തിലുണ്ടായിട്ടുള്ള മിന്നലപകടങ്ങളുടെ കണക്കെടുത്തതില്‍നിന്നു് മനസ്സിലായതു് സംസ്ഥാനത്തെല്ലായിടത്തും ഏതാണ്ടു് ഒരേ തോതില്‍ത്തന്നെ മിന്നലുണ്ടാകുന്നുണ്ടു് എന്നാണു്. പാലക്കാടു് ചുരത്തിനു് പടിഞ്ഞാറുവശമാണു് അല്പം കുറവുള്ള പ്രദേശം. ഇടിമേഘങ്ങളുണ്ടാകുന്നതില്‍ പശ്ചിമഘട്ടത്തിനുള്ള പ്രാധാന്യമാണു് ഇതു് കാണിക്കുന്നതു് എന്നു് പഠനം നടത്തിയ ഡോ.~മുരളീദാസ് പറയുന്നു.

ഇനി എപ്പോഴൊക്കെയാണു് മിന്നലുണ്ടാകുന്നതു് എന്നു പരിശോധിക്കാം. കേരളത്തില്‍ ഇടിമേഘങ്ങളുണ്ടാകാനുള്ള സാഹചര്യം ലഭ്യമാകുന്നതു് കാലവര്‍ത്തിനു മുമ്പുള്ള മാസങ്ങളിലും തുലാവര്‍ഷ സമയത്തുമാണു്. അതായതു്, ഏപ്രില്‍, മെയ് മാസങ്ങളിലും പിന്നെ ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലും. ഈ നാലുമാസക്കാലത്താണു് കേരളത്തിലുണ്ടാകുന്ന മൊത്തം മിന്നലപകടങ്ങലില്‍ എഴുപതു ശതമാനവുമുണ്ടാകുന്നതു്. മാര്‍ച്ച് മാസത്തിലും കുറച്ചൊക്കെ അപകടങ്ങള്‍ ഉണ്ടാകാറുണ്ടു്. ഈ നാലുമാസങ്ങളിലും ഉച്ചതിരിഞ്ഞാണു് കൂടുതലും അപകടങ്ങളുണ്ടാകുന്നതു് എന്ന കാര്യം ശ്രദ്ധേയമാണു്. അതുകൊണ്ടു് ഇത്രയും കാലം ഉച്ചതിരിഞ്ഞുള്ള സമയത്തു് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മിന്നലില്‍നിന്നു് സ്വയം രക്ഷപ്പെടുകയും സ്വന്തം വസ്തുകവകകളെ രക്ഷിക്കുകയുമാവാം.

അപകടത്തില്‍നിന്നു് എങ്ങനെ രക്ഷപ്പെടാം

മിന്നല്‍ മൂലമുണ്ടാകാവുന്ന അപകടങ്ങളില്‍നിന്നു് രക്ഷപ്പെടാന്‍ എന്താണു് മാര്‍ഗം? ഇവിടെ മൂന്നു കാര്യങ്ങളാണു് ശ്രദ്ധിക്കേണ്ടതു്. ഒന്നു്, സ്വരക്ഷയ്ക്കു് എന്തുചെയ്യണം? രണ്ടു് സ്വന്തം വീടിന്റെയോ മറ്റു കെട്ടിടത്തിന്റെയോ രക്ഷയ്ക്കു് എന്തുചെയ്യണം? മൂന്നു്, കെട്ടിടത്തിലുള്ള വൈദ്യുതോപകരണങ്ങളുടെ രക്ഷയ്ക്കു് എന്തുചെയ്യണം? എന്നിങ്ങനെ മൂന്നുകാര്യങ്ങള്‍.

സ്വരക്ഷ
ആദ്യമായി സ്വരക്ഷയ്ക്കു് എന്തുചെയ്യണമെന്നു പരിശോധിക്കാം. ഇവിടെ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം  തുറന്ന പ്രദേശങ്ങളൊന്നും രക്ഷയേകുന്നില്ല എന്നതാണു്. പൂര്‍ണ്ണമായി ലോഹംകൊണ്ടു നിര്‍മ്മിച്ച കാറോ ബസ്സോ പോലത്തെ വാഹനങ്ങള്‍ക്കുള്ളിലും മിന്നല്‍രക്ഷാസംവിധാനം സ്ഥാപിച്ചിട്ടുള്ള കെട്ടിടങ്ങളുടെ ഉള്ളിലുമാണു് ഏറ്റവും കൂടുതല്‍ സുരക്ഷ. (ലോഹം കൊണ്ടുതീര്‍ത്ത പെട്ടിക്കുള്ളിലേക്കു് വൈദ്യുതക്ഷേത്രം കടന്നുചെല്ലില്ല എന്ന തത്വമാണു് ഇവിടെ സഹായകമാകുന്നതു്. ഇത്തരം പെട്ടിക്കു് ഫാരഡെ കൂടു് [Faraday cage] എന്നുപറയുന്നു.)  കെട്ടിടത്തിനുള്ളിലാണെങ്കില്‍ക്കൂടി ജനല്‍, വാതില്‍ തുടങ്ങിയവയ്ക്കു സമീപത്തുനിന്നും മാറിനില്‍ക്കണം. പുറമെ നിന്നു വരുന്ന വൈദ്യുത, ടെലഫോണ്‍, തുടങ്ങിയ കമ്പികളുടെ സമീപത്തുനിന്നും മാറി നില്‍ക്കാന്‍ ശ്രദ്ധിക്കണം. പൈപ്പുവഴി വൈദ്യുതി കടന്നുവരാനിടയുള്ളതിനാല്‍ പൈപ്പുതുറക്കാന്‍ ശ്രമിക്കരുതു്.  ഇടിമേഘം അടുത്തെത്തുന്ന സമയത്തു് ടെലഫോണ്‍ ഉപയോഗിക്കാതിരിക്കുക.  കമ്പിവഴി ഘടിപ്പിക്കാത്ത കോഡ്‌ലെസ്സ് ഫോണും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതുകൊണ്ടു് അപകടമുണ്ടാകില്ല. ഇടിമേഘം ദൂരത്തേയ്ക്കു് മാറിപ്പോയിക്കഴിഞ്ഞാല്‍ അപകടസാദ്ധ്യത കുറയും. അവസാനത്തെ ഇടിമുഴക്കവും കേട്ടതിനുശേഷം അരമണിക്കൂര്‍ നേരത്തേക്കുകൂടി ശ്രദ്ധയോടെയിരിക്കണം. അകലെ ഇടിമുഴക്കം കേള്‍ക്കുമ്പോള്‍ത്തന്നെ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍  പ്ലഗ് ഊരിയിടണം. സ്വിച്ച് അണച്ചതുകൊണ്ടു മാത്രം പ്രയോജനമില്ല എന്നോര്‍ക്കുക. പ്ലഗ് ഊരിയിടുകതന്നെ വേണം. ഇടിമേഘം അടുത്തെത്തിക്കഴിഞ്ഞാല്‍ അവയില്‍ നിന്നു് മാറി നില്‍ക്കണം.

ഓടിട്ടതോ ഓല മേഞ്ഞതോ ആയ കെട്ടിടം യാതൊരു രക്ഷയും നല്‍കുന്നില്ല. എന്നാല്‍,  ഭൂമിയുമായി ബന്ധിപ്പിച്ചിരിക്കുന്ന കമ്പികളോ തകിടുകൊണ്ടുള്ള പാത്തികളോ ഉണ്ടെങ്കില്‍ മിന്നലിന്റെ വൈദ്യുതി ഭൂമിയിലേയ്ക്കൊഴുകിപ്പോകാന്‍ അതു് കുറച്ചൊക്കെ സഹായിക്കും, കെട്ടിടത്തെ അത്രകണ്ടു് രക്ഷിയ്ക്കുകയും ചെയ്യും. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കുറച്ചൊക്കെ രക്ഷയേകും. മിന്നല്‍ച്ചാലകം (Lightning conductor) എന്ന സുരക്ഷാസംവിധാനം ഉണ്ടായിരിക്കുന്നതാണു് ഏറ്റവും നല്ലതു്.

ഇവിടെ ഒരു കാര്യം വ്യക്തമാക്കട്ടെ. മിന്നലില്‍നിന്നു് രക്ഷ ലഭിക്കാനായി കെട്ടിടങ്ങളുടെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന കമ്പികള്‍ എല്ലാവരും കണ്ടിരിക്കും. ഇതു് കാന്തമാണു് എന്നു പലര്‍ക്കും ധാരണയുണ്ടു്. ആ ധാരണ ശരിയല്ല. മിന്നലിലടങ്ങുന്ന വൈദ്യുതിയെ ഭൂമിയിലേയ്ക്കു് നയിക്കാനുള്ള ചാലകം മാത്രമാണതു്. വിദ്യുച്ഛക്തിയ്ക്കു് സുഗമമായി പ്രവഹിക്കാനാകുന്ന ഒരു ലോഹപ്പട്ട ഇതില്‍നിന്നു് മണ്ണിലേയ്ക്കു് നയിക്കുന്നുണ്ടാകും. ഈ സംവിധാനത്തിനാണു് “മിന്നല്‍ച്ചാലകം” (lightning conductor) എന്നു പറയുന്നതു്. ഉയര്‍ന്നുനില്‍ക്കുന്ന ഒന്നോ അതിലധികമോ കമ്പികളും അവയെ ഭൂമിയുമായി ബന്ധിപ്പിക്കുന്ന ലോഹപ്പട്ടയുമാണു് ഇതിലടങ്ങിയിരിക്കുന്നതു്. ലംബമായ കമ്പികള്‍ക്കു പകരം തിരശ്ചീനമായി തറയ്ക്കു സമാന്തരമായ കമ്പികളും ആധുനിക സമ്പ്രദായമനുസരിച്ചു് ഉപയോഗിക്കാനാകും. ചെമ്പുകൊണ്ടുള്ള ലോഹപ്പട്ടയാണു് മുമ്പുപയോഗിച്ചിരുന്നതു്. എന്നാല്‍, ചെമ്പിന്റെ വില വളരെയധികം വര്‍ദ്ധിച്ച നിലയ്ക്കു്, പെട്ടെന്നു് ദ്രവിക്കാതിരിക്കാനായി വെളുത്തീയം പൂശിയ ഉരുക്കുപട്ടയാണു് ഇപ്പോള്‍ നിഷ്ക്കര്‍ഷിക്കപ്പെടുന്നതു്. മിന്നല്‍ച്ചാലകം സ്ഥാപിക്കാനുള്ള വൈദഗ്ദ്ധ്യം കേരളത്തിലെ ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്‌ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്കുണ്ടെന്നാണു് അറിയുന്നതു്. തിരുവനന്തപുരത്തു് പ്രവര്‍ത്തിക്കുന്ന മിന്നല്‍ അവബോധ ഗവേഷണ കേന്ദ്രം (Lightning Awareness and Research Centre, LARC) എന്ന സ്ഥാപനത്തില്‍ ഇതിനുള്ള വൈദഗ്ദ്ധ്യമുള്ളവരുണ്ടു്. മിന്നലിലേക്കുറിച്ചുള്ള വിവരങ്ങളറിയാനായി അവിടെ വിളിച്ചാല്‍ (ഫോണ്‍: 04712722151) മറുപടി പറയാന്‍ വിദഗ്ദ്ധരുമുണ്ടു്.

എന്നാല്‍ മിന്നല്‍ച്ചാലകം സ്ഥാപിക്കാനെന്ന പേരില്‍ വളരെയധികം പണം മേടിക്കുകയും അശാസ്ത്രീയമായ രീതിയില്‍ എന്തെങ്കിലും ചെയ്തുവയ്ക്കുകയും ചെയ്യുന്ന ചില സ്വകാര്യ കമ്പനികള്‍ ഉണ്ടെന്നു് ഡോ. എസ്. മുരളീദാസ് പറയുന്നു. മിന്നലിനെ നിയന്ത്രിക്കാനുള്ള ഇലക്‌ട്രോണിക് സംവിധാനം എന്നും മറ്റും പറഞ്ഞു് പലരും തട്ടിപ്പു നടത്തുന്നുണ്ടു്. യാതൊരു ഇലക്‌ട്രോണിക് സംവിധാനത്തിനും മിന്നലിനെ നിയന്ത്രിക്കാനാവില്ല. അതുപോലെ മറ്റൊരു തട്ടിപ്പാണു് ഇടിമേഘത്തിലെ വൈദ്യുതിയെ ചോര്‍ത്തിയെടുത്തു് മിന്നലുണ്ടാകാതെയാക്കാന്‍ കഴിയും എന്ന അവകാശവാദത്തോടെ വില്‍ക്കുന്ന ചില വിലകൂടിയ ഉപകരണങ്ങള്‍.

നമ്മള്‍ കെട്ടിടത്തിനു പുറത്താണെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ടു്. കുന്നുകള്‍, ടെറസ്സുകള്‍ തുടങ്ങിയ ഉയര്‍ന്ന സ്ഥലങ്ങള്‍, മൈതാനങ്ങളും തുറന്ന സ്ഥലങ്ങളും തുടങ്ങിയ ഇടങ്ങള്‍ ഒഴിവാക്കേണ്ടതാണു്. ഇടിമിന്നലുള്ള സമയത്തു് പുറമെ പെട്ടുപോയാല്‍ മിന്നല്‍രക്ഷാസംവിധാനം സ്ഥാപിച്ചിട്ടുള്ള ഒരു കെട്ടിടത്തിലേക്കു് കഴിവതും വേഗം നീങ്ങുന്നതാണു് ഏറ്റവും ഉചിതം. പൂര്‍ണ്ണമായി ലോഹനിര്‍മ്മിതമായ വാഹനത്തിനുള്ളില്‍ ഇരിക്കുന്നതു് തികച്ചും സുരക്ഷിതമാണു്. മിന്നലില്‍ നിന്നുള്ള കറന്റ് പുറമെയുള്ള ലോഹഭാഗങ്ങളിലൂടെ പ്രവഹിച്ചു് ഭൂമിയിലേയ്ക്കു് പൊയ്ക്കോളും. വാഹനത്തിലല്ലെങ്കില്‍, തുറന്ന പ്രദേശത്തു് നില്‍ക്കുന്നതു് അപകടമാണു്. മൈതാനത്തു് കളിക്കുന്നതും കുളത്തിലും മറ്റും നീന്തുകയോ വള്ളത്തിലോ ബോട്ടിലോ സഞ്ചരിക്കുകയോ ചെയ്യുന്നതും ഒഴിവാക്കേണ്ടതാണു്. 2014ല്‍ മിന്നലേറ്റു് മരിച്ചവരില്‍ ഒരാള്‍ വള്ളത്തിലിരുന്നു് മീന്‍പിടിക്കുകയായിരുന്നു എന്നോര്‍ക്കുക. ഒറ്റയ്ക്കു് നില്‍ക്കുന്നതോ ഉയരമുള്ളതോ ആയ മരങ്ങളുടെ കീഴില്‍  നില്‍ക്കുന്നതു് അപകടം ക്ഷണിച്ചു വരുത്തുകയാവും. മഴ വരുന്നതുകണ്ടു് പശുവിനെ അഴിച്ചു കെട്ടാനും ഉണങ്ങാനിട്ട തുണി എടുത്തു മാറ്റാനും മറ്റുമായി പുറത്തിറങ്ങിയ സമയത്തു് മിന്നലേറ്റു് മരണമുണ്ടായിട്ടുണ്ടു്. പശുവിന്റെ കയറോ തുണിയിടുന്ന അയയോ കെട്ടിയിരുന്ന മരത്തില്‍ മിന്നലേറ്റാണു് അപകടം പലപ്പോഴുമുണ്ടാകുന്നതു്.

ശക്തമായ ഇടിമിന്നല്‍ വരുന്ന സമയത്തു് തുറന്ന പ്രദേശത്തു് ആയിപ്പോയാല്‍ പെട്ടെന്നുതന്നെ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് പോകുന്നതാണു് നല്ലതു്. അതിനു് കഴിയുന്നില്ല എങ്കില്‍ ഇപ്രകാരം ചെയ്യാം. രണ്ടുകാലും ചേര്‍ത്തുവെച്ചു് മറ്റൊരു ഭാഗവും നിലത്തു തൊടാതെ കുത്തിയിരിക്കുക. കൈകള്‍ കാലില്‍ ചുറ്റിപ്പിടിക്കുകയും തല കഴിവതും താഴ്ത്തി വയ്ക്കുകയും ചെയ്യണം. ഇങ്ങനെ ചെയ്താല്‍ത്തന്നെ മിന്നല്‍  ഏല്‍ക്കാതിരിക്കാനുള്ള സാദ്ധ്യത കൂടുമെന്നേ പറയാനാവൂ .

കെട്ടിടത്തിന്റെ രക്ഷയ്ക്കു്
ഒരു കെട്ടിടത്തിന്റെ പുറത്തു് മിന്നലേറ്റാല്‍ അതിനു് പലതരത്തിലുള്ള പ്രശ്നങ്ങളുണ്ടാകാം. സ്ഫോടനസാദ്ധ്യതയുള്ള വസ്തുക്കള്‍ കെട്ടിടത്തിലുണ്ടെങ്കില്‍ അതു് മൊത്തമായി പൊട്ടിത്തെറിച്ചു് നശിക്കാം. അങ്ങനെയൊന്നുമില്ലെങ്കില്‍ത്തന്നെ കെട്ടിടത്തിനു് കാര്യമായ കേടുപാടുകളുണ്ടാകാം. അതുകൊണ്ടു് കെട്ടിടങ്ങളെ, വിശേഷിച്ചു് ഉയരമുള്ള കെട്ടിടങ്ങളെ മിന്നലില്‍നിന്നു് രക്ഷിക്കേണ്ടതുണ്ടു്. അതിനുപയോഗിക്കുന്ന ഒരു ഉപകരണമാണു് മിന്നല്‍ച്ചാലകം, അഥവാ ലൈറ്റ്നിങ്ങ് കണ്ടക്ടര്‍ (lightning conductor). ഈ ഉപകരണത്തിനു് മൂന്നു ഭാഗങ്ങളാണുള്ളതു്:

ഒന്നു്, മിന്നലിലെ വൈദ്യുതി ഏറ്റുവാങ്ങാനുള്ള ഒരു സംവിധാനം. ഇതു് മുകളിലേക്കു് നീണ്ടുനില്‍ക്കുന്ന ഒരു ലോഹദണ്ഡോ തിരശ്ചീനമായി (ഭൌമോപരിതലത്തിനു സമാന്തരമായി) സ്ഥാപിച്ചിരിക്കുന്ന ഒരുകൂട്ടം ലോഹദണ്ഡുകളോ ആകാം. ഇതിനു് വായുവഗ്രം അഥവാ എയര്‍ ടെര്‍മിനല്‍ (air terminal) എന്നു പറയുന്നു.

രണ്ടു്, വൈദ്യുതി ഏറ്റുവാങ്ങി ഭൂമിയിലെത്തിക്കാനുള്ള വാഹകം. ഇതിനു് അധോവാഹകം അഥവാ ഡൌണ്‍ കണ്ടക്ടര്‍ (down conductor) എന്നു പറയുന്നു. കട്ടിയുള്ള ലോഹപ്പട്ടയാണു് ഇതിനു് ഉപയോഗിക്കുന്നതു്. പണ്ടൊക്കെ ഇതിനു് ചെമ്പായിരുന്നു ഉപയോഗിച്ചിരുന്നതെങ്കിലും അതിന്റെ വിലവര്‍ദ്ധന കണക്കിലെടുത്തു് ഇപ്പോള്‍ വെളുത്തീയം പൂശിയ ഉരുക്കുപട്ടയാണു് നിര്‍ദ്ദേശിക്കുന്നതു്. എന്നാല്‍ ആധുനിക പ്രമാണമനുസരിച്ചു് കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ അതിലെ ഉരുക്കുദണ്ഡുകള്‍തന്നെ ഇതിനായി ഉപയോഗിക്കുന്നതാണു് ഉത്തമം.

മുന്നു്, ഭൂബന്ധം എന്നോ എര്‍ത്തിങ്ങ് എന്നോ ഒക്കെ പറയാവുന്ന ഭാഗം. മിന്നലിലെ വൈദ്യുതിയെ ഭൂമിയിലേക്കു പകരുക എന്ന കര്‍മ്മമാണു് ഇതു് ചെയ്യുന്നതു്. അതുകൊണ്ടുതന്നെ ഭൂമിയുമായി നല്ല വൈദ്യുതബന്ധം ഇതിനുണ്ടാവണം. ഭൂമിയില്‍  ലംബമായോ തിരശ്ചീനമായോ കുഴിച്ചിട്ട ദണ്ഡുകളാണു് ഇതിനു് ഉപയോഗിക്കുന്നതു്. വെളുത്തീയം പൂശിയ ഉരുക്കുദണ്ഡുതന്നെയാണു് ഇതിനും ഉത്തമം. സാര്‍വ്വദേശീയ വൈദ്യതോപകരണകൌണ്‍സിലിന്റെ (International Electrotechnical Council) ഏറ്റവും പുതിയ പ്രമാണമനുസരിച്ചു് കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ അവയുടെ അടിവാരത്തിലടങ്ങിയ ഉരുക്കുദണ്ഡുകള്‍തന്നെ ഇതിനും ഉപയോഗിക്കുന്നതാണു് ഏറ്റവും നല്ലതു് എന്നു് നിഷ്ക്കര്‍ഷിച്ചിരിക്കുന്നു.

മിന്നല്‍ച്ചാലകം സ്ഥാപിച്ചതുകൊണ്ടു് കെട്ടിടത്തിനു് പൂര്‍ണ്ണ സുരക്ഷ ലഭിക്കില്ല എന്നു് ഡോ.~മുരളീദാസ് പറയുന്നു. “ഇതു് കേരളത്തിലെ ഒരു പ്രത്യേകതയാണു്. ഇവിടെ ഉയരം കൂടിയ മരങ്ങള്‍ ധാരാളമുള്ളതുകൊണ്ടു് അവയിലൊന്നില്‍ മിന്നലേല്‍ക്കാന്‍ നല്ല സാദ്ധ്യതയുണ്ടു്. മിന്നലിന്റെ വൈദ്യുതി മരത്തില്‍ നിന്നു് ഭൂമിയില്‍ക്കൂടിയോ വൈദ്യുത, ടെലിഫോണ്‍ കമ്പികളില്‍ക്കൂടിയോ കെട്ടിടത്തിനകത്തേയ്ക്കു് പ്രവഹിയ്ക്കാനിടയുണ്ടു്”. മിന്നല്‍മൂലമുള്ള കേരളത്തിലെ പല മരണങ്ങളും ഇങ്ങനെയാണുണ്ടായതത്രെ. മണ്ണില്‍ക്കൂടി ശക്തമായ വൈദ്യുതി പ്രവഹിക്കുമ്പോള്‍ തറയിലെ രണ്ടു് ബിന്ദുക്കള്‍ക്കിടയില്‍ വലിയ വോള്‍ട്ടത ഉണ്ടാകാം. ഇതിനു് “സ്റ്റെപ് വോള്‍ട്ടത (step voltage)” എന്നുപറയുന്നു. ഒരു വ്യക്തിയുടെ പാദങ്ങള്‍ തമ്മിലുള്ള വോള്‍ട്ടതയാണു് സ്റ്റെപ് വോള്‍ട്ടത. കേടുവന്ന വൈദ്യുത സബ്സ്റ്റേഷനുകളില്‍ മണ്ണില്‍ക്കൂടി വൈദ്യുതി പ്രവഹിക്കുകയും അപകടകരമായ സ്റ്റെപ് വോള്‍ട്ടത ഉണ്ടാകുകയും ചെയ്യാം. അതിനു് സമാനമായ തരത്തിലാണു് മിന്നലില്‍നിന്നുള്ള വൈദ്യുതി മണ്ണില്‍ക്കൂടി പ്രവഹിക്കുമ്പോഴും സംഭവിക്കുന്നതു്. അതുകൊണ്ടു്, കാലുകള്‍ അടുപ്പിച്ചു് വച്ചില്ലെങ്കില്‍ കാലുകളിലൂടെ വൈദ്യുതപ്രവാഹമുണ്ടാകാം. ഇതു് പരിക്കുകളുണ്ടാക്കാനിടയുണ്ടു്. അതുകൊണ്ടാണു് കാലുകള്‍ അടുപ്പിച്ചുവയ്ക്കാന്‍ പറയുന്നതു്. വീടിനു് സമീപത്തെ മരത്തില്‍ മിന്നലേറ്റാല്‍ വൈദ്യുതപ്രവാഹം വീട്ടിനുള്ളിലൂടെയും കടന്നുവരാം. ഭൂമിയില്‍ക്കൂടി മിന്നലിന്റെ വൈദ്യുതി വീട്ടില്‍ കടക്കുന്നതു് തടയണമെങ്കില്‍ കെട്ടിടത്തിനു ചുറ്റിലുമായി  “റിംഗ് കണ്ടക്‌ടര്‍” എന്ന വൈദ്യുതചാലകം കുഴിച്ചിടുകയെ മാര്‍ഗമുള്ളു എന്നദ്ദേഹം പറയുന്നു.

മിന്നലേറ്റു് മരമോ കന്നുകാലിയോ നഷ്ടപ്പെട്ടാല്‍ സര്‍ക്കാര്‍  നഷ്ടപരിഹാരം നല്‍കുന്നുണ്ടു്.മനുഷ്യര്‍ക്കു് അപകടമുണ്ടായാലും വലുതല്ലാത്ത ഒരു തുക ലഭിക്കും. ഇതിനേക്കാള്‍ നന്നായിരിയ്ക്കും മിന്നലില്‍നിന്നു് രക്ഷനേടാനായി ധനസഹായം നല്‍കുന്നതെന്നു തോന്നുന്നു. മിന്നല്‍മൂലമുള്ള അപകടസാദ്ധ്യത കൂടിയ സ്ഥലങ്ങളില്‍ മിന്നല്‍ച്ചാലകമോ റിംഗ് കണ്ടക്‌ടറോ സ്ഥാപിക്കാന്‍  സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവര്‍ക്കു് അതിനുള്ള ചെലവിന്റെ ഒരു ഭാഗം വഹിക്കാന്‍ സര്‍ക്കാര്‍ തയാറാകുമെങ്കില്‍ അതു് നന്നായിരിക്കും. സന്നദ്ധസംഘടനകള്‍ക്കും മറ്റും ഇതില്‍ പങ്കുചേരാവുന്നതുമാണു്. നഷ്ടപരിഹാരം നല്‍കുന്നതിനേക്കാള്‍ നല്ലതാണല്ലോ നഷ്ടം തടയുന്നതു്. മിന്നല്‍മൂലം കൃഷിക്കോ വസ്തുവകകള്‍ക്കോ ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്കു് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുകയുമാവാം.

ഇടിമിന്നലിനെക്കുറിച്ചു് ദൂരദർശനിൽ നടത്തിയ  ഒരു പരിപാടി ഇവിടെ കാണാം: https://www.youtube.com/watch?time_continue=2&v=a2Nnnohc7go

പ്രകാശത്തെക്കാള്‍ വേഗത ന്യൂട്രിനൊകള്‍ക്കുമില്ല

യാതൊരു വസ്തുവിനും പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാനാവില്ല എന്നു് 1905ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ തന്റെ വിശേഷ ആപേക്ഷികതാസിദ്ധാന്തത്തില്‍ (Special Theory of Relativity) സ്ഥാപിച്ചതാണു്. എന്നു മാത്രമല്ല, അതിന്റെ അടിസ്ഥാനത്തില്‍ അന്നുവരെ വിശദീകരിക്കാനാവാതെ കിടന്ന പല കാര്യങ്ങളും വിശദീകരിക്കുകയും ചെയ്തതാണു്. ഒരുപക്ഷെ ഇത്രയധികം തവണ പരീക്ഷിച്ചു് സ്ഥിരീകരിക്കാനായ മറ്റൊരു സിദ്ധാന്തവും ഭൌതികശാസ്ത്രത്തിലുണ്ടാവില്ല. ഇതിന്റെ ഫലങ്ങള്‍ ഏതാണ്ടു് ദിവസേനയെന്നോണം പരീക്ഷണശാലകളില്‍, വിശേഷിച്ചു് പ്രാഥമികകണങ്ങളെപ്പറ്റി പഠിക്കുന്ന ആധുനിക പരീക്ഷണശാലകളില്‍ നിരീക്ഷിക്കപ്പെടുന്നതുമാണു്.  ആ നിലയ്ക്കു് വിശേഷാപേക്ഷികതാസിദ്ധാന്തവും പദാര്‍ത്ഥത്തിനു് പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാനാവില്ല എന്ന ആശയവും ആധുനിക ശാസ്ത്രത്തിന്റെ അടിസ്ഥാനശിലകളായി മാറിയിരിക്കുന്നു. എങ്കിലും, ഒരുപക്ഷെ അതുകൊണ്ടുതന്നെ ആയിരിക്കാം, പദാര്‍ത്ഥത്തിനുണ്ടെന്നു് ഐന്‍സ്റ്റൈന്‍ സ്ഥാപിച്ച ഈ പരിമിതി മറികടക്കാനാകുമൊ എന്നു് പരീക്ഷിക്കുന്നതില്‍ ശാസ്ത്രജ്ഞര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ഉത്സാഹം കാണാം. അതുകൊണ്ടാവണം ന്യൂട്രിനൊ എന്ന ഒരുതരം കണിക പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നതു് കണ്ടെത്തി എന്നു് ചില ശാസ്ത്രജ്ഞര്‍ ഇക്കഴിഞ്ഞ (2011) സെപ്റ്റംബറില്‍ പരമാണുകേന്ദ്രഗവേഷണത്തിനുള്ള യൂറോപ്യന്‍ കേന്ദ്രത്തില്‍ (ഫ്രഞ്ച് ഭാഷയില്‍, Conseil Européen pour la Recherche Nucléaire, CERN) വച്ചു് പ്രഖ്യാപിക്കാനിടയായതും അതിനു് പത്രങ്ങളുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വലിയ പ്രാധാന്യം കൊടുത്തതും ഇവരുടെ നിരീക്ഷണങ്ങള്‍ പിന്നീടു്  (Journal of High Energy Physics) എന്ന ശാസ്ത്രഗവേഷണമാസികയില്‍ പ്രസിദ്ധീകരിച്ചുവന്നതും. ഒരു കൂട്ടം ന്യൂട്രിനൊകള്‍ 730 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചപ്പോള്‍ പ്രകാശം എത്തുന്നതിനെക്കാള്‍ ഒരു സെക്കണ്ടിന്റെ നൂറുകോടിയില്‍ 60 ഭാഗം സമയം (60 നാനോസെക്കന്റ്) നേരത്തെ ലക്ഷ്യസ്ഥാനത്തെത്തി എന്നു് കണ്ടതായാണു് ശാസ്ത്രജ്ഞര്‍  പ്രഖ്യാപിച്ചതു്. എന്താണീ ന്യൂട്രിനൊകള്‍?

വൈദ്യുതചാര്‍ജില്ലത്ത, വളരെ ചെറിയ പിണ്ഡമുള്ള ഒരു പ്രാഥമികകണമാണു് ന്യൂട്രിനൊ. (ഇനിയും വിഭജിക്കാനാവാത്ത കണങ്ങളാണു് പ്രാഥമിക കണങ്ങള്‍. അവയാണു് പദാര്‍ത്ഥത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ എന്നു വിശ്വസിക്കപ്പെടുന്നു). ഇറ്റാലിയന്‍ ഭാഷയില്‍ “ചാര്‍ജില്ലാത്ത,ചെറിയ കണം” എന്ന അര്‍ത്ഥമാണു് ന്യൂട്രിനൊ എന്ന പദത്തിനു് ഉള്ളതു്.

ഓപ്പെറ (Oscillation Project with Emulsion-tRacking Apparatus, OPERA) എന്നു പേരിട്ട പരീക്ഷണം CERNഉം ഇറ്റലിയിലെ ഗ്രാന്‍ സാസ്സൊ ദേശീയ പരീക്ഷണശാലയും (Laboratori Nazionali del Gran Sasso, LNGS) തമ്മിലുള്ള സഹകരണത്തിന്റെ ഫലമായിരുന്നു. ഫ്രാന്‍സിന്റെയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും അതിര്‍ത്തിയിലുള്ള സൂപ്പര്‍ പ്രോട്ടോണ്‍ സിന്‍ക്രോട്ട്‌റോണ്‍  (Super Proton Synchrotron (SPS)) എന്ന പരീക്ഷണശാലയില്‍നിന്നു് അതിവേഗത്തിലുള്ള പ്രോട്ടോണുകള്‍ കരി കൊണ്ടുണ്ടാക്കിയ ഒരു ലക്ഷ്യത്തിലേക്കു് പായിക്കുന്നതില്‍ ആരംഭിക്കുന്ന പരീക്ഷണത്തില്‍ കരിയില്‍ പതിക്കുന്ന പ്രോട്ടോണുകള്‍ പയോണുകള്‍ (pions), കാഓണുകള്‍ (kaons) എന്നീ കണങ്ങള്‍ ഉത്പാദിപ്പിക്കുന്നു. ഈ കണങ്ങള്‍ മ്യൂവോണുകളും ന്യൂട്രിനൊകളും ആയി മാറുന്നു അങ്ങനെയുണ്ടാകുന്ന ന്യൂട്രിനൊകളാണു് ഇറ്റലിയിലെ പരീക്ഷണകേന്ദ്രത്തില്‍ നിരീക്ഷിക്കുന്നതു്. 2010 മെയ് 31നാണു് ഗവേഷകര്‍ ആദ്യത്തെ കണങ്ങള്‍ നിരീക്ഷിച്ചതു്.

വളരെക്കാലമായി വെല്ലുവിളികളൊന്നും നേരിടാതെ നിലനില്‍ക്കുന്നതും ഭൌതികശാസ്ത്രത്തിന്റെ അടിസ്ഥാനശിലകളിലൊന്നായി അംഗീകരിക്കപ്പെട്ടതുമായ ഒരു സിദ്ധാന്തത്തെ ഖണ്ഡിക്കുന്ന ഈ നിരീക്ഷണം സ്വാഭാവികമായി വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു. പരീക്ഷണത്തിലെ വല്ല പിഴവുമായിരിക്കും ഇങ്ങനെയൊരു ഫലമുണ്ടാക്കിയതു് എന്ന സംശയം പലരും പ്രകടിപ്പിക്കുകയുണ്ടായി. നമുക്കറിയാവുന്ന ശാസ്ത്രസത്യങ്ങള്‍ക്കു് കടകവിരുദ്ധമായി പോകുന്ന ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനു മുമ്പു് അതു് ആവര്‍ത്തിച്ചു് പരിശോധിച്ചു് ഉറപ്പുവരുത്തണം എന്നൊരു ശീലം ശാസ്ത്രത്തിലുണ്ടു് എന്നു് ചിലര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പരീക്ഷണത്തിനുപയോഗിച്ച ഉപകരണങ്ങള്‍ പലതവണ പരിശോധിച്ചു് ഗുണനിലവാരം ഉറപ്പുവരുത്തി എന്നും പരീക്ഷണത്തില്‍ പിശകുകളുണ്ടോ എന്നു് പഠിക്കാന്‍ മൂന്നു് വര്‍ഷം ചെലവിട്ടു എന്നും മറ്റും പറഞ്ഞു് പഠനഫലം  ശാസ്ത്രജ്ഞര്‍  സ്ഥിരീകരിക്കുകയാണു് ചെയ്തതു്. അതുകൊണ്ടുതന്നെ ഈ പഠനം വളരെ ശ്രദ്ധേയമായി തീര്‍ന്നു. പല ശാസ്ത്രജ്ഞരും ഈ പഠനഫലം വിശദീകരിക്കാന്‍ ശ്രമിച്ചു. ചിലര്‍ പരീക്ഷണത്തിലെ എന്തു് പിഴവുകളാവും ഇങ്ങനെയൊരു ഫലമുണ്ടാക്കിയതു് എന്നു് ഊഹിക്കാന്‍ ശ്രമിച്ചപ്പോള്‍  ഭൂരിഭാഗം ഗവേഷകരും ന്യൂട്രിനൊകള്‍ പ്രകാശത്തെക്കാള്‍ വേഗത്തില്‍ എങ്ങനെ സഞ്ചരിച്ചിരിക്കാം എന്നു് വിശദീകരിക്കാനാണു് ശ്രമിച്ചതു്. നമ്മുടെ ത്രിമാന ലോകത്തില്‍നിന്നു് നാലാമതൊരു മാനത്തിലേക്കു് കടന്നാല്‍ ന്യൂട്രിനൊകള്‍ക്കു് പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാനായേക്കാം എന്നതായിരുന്നു മുന്നോട്ടു വന്ന ഒരു ആശയം. എന്നാല്‍ നൊബെല്‍ സമ്മാനജേതാവായ ഷെല്‍ഡണ്‍ ഗ്ലാഷൊയുടെ അഭിപ്രായം മറ്റൊന്നായിരുന്നു. പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിച്ചാല്‍ ന്യൂട്രിനൊകള്‍ക്കു് ഷോക്ക് വേവ് എന്ന പ്രത്യേകതരം തരംഗങ്ങളിലൂടെ ഊര്‍ജം നഷ്ടപ്പെടുമെന്നും, അങ്ങനെ അവയുടെ വേഗത കുറയുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സിദ്ധാന്തങ്ങളില്‍ ഏതാവും ശരി എന്നു് കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതു് ഇപ്പോള്‍ മണ്ടത്തരമായിരിക്കും എന്നാണു് CERNലെ സൈദ്ധാന്തികശാസ്ത്രജ്ഞനായ ജോണ്‍ എല്ലിസ് (John Ellis) ഒക്‌ടോബറില്‍ പറഞ്ഞതു്.

“ശാസ്ത്രീയമായ വിശ്വാസ്യത വരുന്നതു് പരീക്ഷണങ്ങളില്‍ നിന്നാണെങ്കിലും ടൈപ്പ്‌‌റൈറ്ററില്‍ കുരങ്ങന്മാര്‍ എന്നപോലെ, സാദ്ധ്യതകളെല്ലാം കണ്ടെത്തേണ്ടതു് ഞങ്ങള്‍ സൈദ്ധാന്തികരുടെ ജോലിയാണു്” എന്നദ്ദേഹം പറഞ്ഞു. 160 പേരടങ്ങുന്ന പരീക്ഷണസംഘത്തിലെ പലരും തൃപ്തരായിരുന്നില്ല എന്നു് 2011 ഒക്‌ടോബറില്‍ത്തന്നെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. കൂട്ടത്തിലുണ്ടായിരുന്ന 15 പേര്‍ ലഭിച്ച പരീക്ഷണഫലം പ്രസിദ്ധീകരിക്കുന്നതിനോടു് പൂര്‍ണ്ണമായി യോജിച്ചിരുന്നില്ലയത്രെ. “പരീക്ഷണത്തിലുണ്ടാകാവുന്ന പിശകിന്റെ നിര്‍ണ്ണയത്തോടു് എനിക്കു് യോജിക്കാനാവാഞ്ഞതുകൊണ്ടാണു് ഞാന്‍ വിട്ടുനിന്നതു് ” എന്നു് ഇറ്റലിയിലെ പരമാണുകേന്ദ്രശാസ്ത്രത്തിനുള്ള ദേശീയ സ്ഥാപനത്തിലെ (National Institute of Nuclear Physics) ശാസ്ത്രജ്ഞനും പരീക്ഷണസംഘത്തിലെ അംഗവുമായിരുന്ന ല്യൂക് സ്റ്റാന്‍കൊ (Luke Stanko) പറഞ്ഞു. 2011 ഒക്‌ടോബര്‍ 21 മുതല്‍ നവംബര്‍ 6 വരെയുള്ള ദിവസങ്ങളില്‍ സംഘം പരീക്ഷണം ആവര്‍ത്തിച്ചു. പരീക്ഷണം ആവര്‍ത്തിച്ചപ്പോഴും ലഭിച്ച ഫലം പഴയതുതന്നെയായിരുന്നു.”ഞങ്ങള്‍ക്കു് പല വിമര്‍ശനങ്ങളും ലഭിച്ചിരുന്നു. അതെല്ലാം ഞങ്ങള്‍ കഴുകിക്കളഞ്ഞു. പരീക്ഷണം ബലിഷ്ഠമാണു് എന്നു തോന്നുന്നു” (അതായതു്, അതില്‍ കുഴപ്പങ്ങളില്ല) എന്നു് നവംബറില്‍ സ്റ്റാന്‍കൊ പറഞ്ഞു.

എന്നാല്‍ 2012 മാര്‍ച്ചായപ്പോഴേക്കു് സ്ഥിതിഗതികള്‍ മാറി. പുതിയ ICARUS പരീക്ഷണത്തില്‍ ന്യൂട്രിനൊകള്‍ പ്രകാശത്തിന്റെ വേഗതയോടെ തന്നെയാണു് സഞ്ചരിക്കുന്നതു് എന്നു് മാര്‍ച്ച് 16നു് സേണ്‍ (CERN) സ്ഥിരീകരിച്ചു. അങ്ങനെ ഒരു നൂറ്റാണ്ടോളമായി വെല്ലുവിളികളില്ലാതെ നിലനിന്ന ഐന്‍സ്റ്റൈന്റെ സിദ്ധാന്തം അട്ടിമറിക്കപ്പെട്ടോ ​എന്ന സംശയം ഇല്ലാതായി. “വേഗത അളക്കുന്ന പ്രക്രിയയുടെ ഫലമായിട്ടാണു് അങ്ങനെയൊരു പരീക്ഷണഫലം ഉണ്ടായതു് എന്നതിലേക്കാണു് ഇപ്പോള്‍ തെളിവുകള്‍ വിരല്‍ചൂണ്ടുന്നതു്” എന്നു് സേണിന്റെ ഗവേഷണ ഡയറക്‌ടര്‍ സെര്‍ജിയൊ ബെര്‍ട്ടൊലൂച്ചി (Sergio Bertolucci) പറഞ്ഞു. അതേസമയം “ഈ പരീക്ഷണങ്ങള്‍ വളരെ കഷ്ടമുള്ളവയും ലോലമായതുമാണു്. ഇവ ശാസ്ത്രത്തിന്റെ നടപടിക്രമത്തിന്റെ പ്രാധാന്യത്തിനു് അടിവരയിടുന്നു” എന്നാണു് 1984ലെ നൊബെല്‍ സമ്മാന ജേതാവും ICARUS പരീക്ഷണത്തിന്റെ വക്താവുമായ കാര്‍ലൊ റുബ്ബിയ (Carlo Rubbia) പറഞ്ഞതു്.

ശാസ്ത്രീയ പഠനങ്ങള്‍ക്കിടയില്‍ പിഴവുകളുണ്ടാകുന്നതു് സ്വാഭാവികം മാത്രം. പിഴവുകള്‍ വരാതിരിക്കാന്‍ കഴിവതും ശ്രമിക്കുകയും പഠനങ്ങള്‍ ആവര്‍ത്തിക്കുകയുമാണു് പിഴവുകള്‍ നമ്മളെ വഴിതെറ്റിക്കാതിരിക്കാന്‍ ശാസ്ത്രജ്ഞര്‍ ചെയ്യുന്നതു്. ഇവിടെയും അതുതന്നെയാണു് സംഭവിച്ചതു്. പരീക്ഷണം ആവര്‍ത്തിച്ചു് ഫലം ഉറപ്പുവരുത്തുന്നതിനു് മുമ്പുതന്നെ അതു് പ്രസിദ്ധീകരിക്കാന്‍ ചിലര്‍ മുതിര്‍ന്നു എന്നതാണു് ഇക്കൂട്ടര്‍ക്കു് പറ്റിയ പിശകു്. ശാസ്ത്രലോകത്തു് ഇന്നു് നിലനില്‍ക്കുന്ന “പ്രസിദ്ധീകരിക്കുക അല്ലെങ്കില്‍ നശിക്കുക” \engmal{(Publish or Perish)} എന്ന മത്സരം വളര്‍ത്തുന്ന സാഹചര്യമാവാം ഇങ്ങനെയൊരബദ്ധം വരാനുള്ള കാരണം എന്നു തോന്നുന്നു. ഇത്തരം രംഗങ്ങളില്‍ മത്സരത്തെക്കാള്‍ പ്രാധാന്യം സഹകരണത്തിനാണു് എന്ന സത്യത്തിലേക്കു് വിരല്‍ ചൂണ്ടുന്ന ഏറ്റവും പുതിയ സംഭവമായി ഇതിനെ കാണാം.

തമോഗര്‍ത്തത്തിന്റെ ചിത്രമെടുക്കാം

2012 ഏപ്രില്‍  19നു് തേജസ് പത്രത്തില്‍ പ്രസിദ്ധീകരിച്ചതു്

സമീപത്തെത്തുന്ന എല്ലാ വസ്തുക്കളെയും, പ്രകാശത്തിനെ പോലും, വിഴുങ്ങുന്ന ബഹിരാകാശവസ്തുവാണു് തമോഗര്‍ത്തം. അതുകൊണ്ടുതന്നെ, തമോഗര്‍ത്തത്തെ കാണാനാവില്ല. അതു് ബഹിരാകാശത്തിന്റെ ഇരുളില്‍ അലിഞ്ഞു ചേരുന്നു. അതിശക്തമായ ഗുരുത്വാകര്‍ഷണബലമാണു് ഇതിന്റെ പിന്നിലെ രഹസ്യം.

വിക്കിപ്പീഡിയ പറയുന്നു,“ഉയര്‍ന്ന ഗുരുത്വാകര്‍ഷണം മൂലം പ്രകാശത്തിനുപോലും പുറത്തുകടക്കാനാകാത്ത മേഖലയാണ്‌ തമോദ്വാരം അല്ലെങ്കില്‍ തമോഗര്‍ത്തം (Black hole). തമോദ്വാരത്തിന്റെ സീമയായ സംഭവചക്രവാളത്തിനകത്തേക്ക് വസ്തുക്കള്‍ക്ക് പ്രവേശിക്കാമെന്നല്ലാതെ പ്രകാശം ഉള്‍പ്പെടെ യാതൊന്നിനും ഗുരുത്വാകര്‍ഷണം മറികടന്ന് ഈ പരിധിക്ക് പുറത്തുകടക്കാനാകില്ല. പ്രകാശം പ്രതിഫലിപ്പിക്കുകയോ പുറത്തുവിടുകയോ ചെയ്യാത്തതിനാല്‍ തമോദ്വാരം പുറംലോകത്തിന്‌ അദൃശ്യമായിരിക്കും. തമോദ്വാരങ്ങള്‍ക്ക് താപനില ഉണ്ടെന്നും അവ ഹോക്കിങ് വികിരണം പുറപ്പെടുവിക്കുന്നുവെന്നും ക്വാണ്ടം പഠനങ്ങള്‍ കാണിക്കുന്നു.” (http://ml.wikipedia.org/wiki/തമോഗര്‍ത്തം)

ഐന്‍സ്റ്റൈന്റെ സാമാന്യ  ആപേക്ഷികതാ സിദ്ധാന്തമനുസരിച്ചു് (General Theory of Relativity) ഗുരുത്വാകര്‍ഷണബലം എന്നു പറയുന്നതു് ദ്രവ്യത്തിന്റെ സാന്നിദ്ധ്യത്തില്‍ സ്പേസിനുണ്ടാകുന്ന വളവാണു്. എന്നു മാത്രമല്ല, മുമ്പു് വിശ്വസിച്ചിരുന്നതില്‍നിന്നു് വ്യത്യസ്തമായി, ഗുരുത്വാകര്‍ഷണബലം പ്രകാശത്തെ സ്വാധീനിക്കും എന്നും അദ്ദേഹം കണ്ടെത്തി. ദ്രവ്യം വളരെ കേന്ദ്രീകൃതമാകുമ്പോള്‍ സ്പേസിനുണ്ടാകുന്ന വളവും വളരെയധികമാകും. ഒരു അതിരു് കടന്നാല്‍ ഗുരുത്വാകര്‍ഷണബലത്തിന്റെ തീവ്രതമൂലം ആ വസ്തുവിനു് സമീപമെത്തുന്ന ഒന്നിനും, പ്രകാശത്തിനുപോലും, അവിടെനിന്നു് രക്ഷപ്പെടാനാവില്ല. ആ വസ്തു സ്പേസിലെ ഒരു ദ്വാരം പോലെ അതുവഴി വരുന്ന എല്ലാ വസ്തുക്കളെയും “വിഴുങ്ങിക്കളയും”. പ്രായമേറുമ്പോള്‍ വലിയ നക്ഷത്രങ്ങള്‍ ഒരു പൊട്ടിത്തെറിക്കലിനു് വിധേയമാകാം എന്നു് ഇന്ത്യന്‍ ശാസ്ത്രജ്ഞനായ സുബ്രഹ്മണ്യം ചന്ദ്രശേഖര്‍ തെളിയിച്ചിരുന്നു. ഒരു പരിധിയില്‍ കവിഞ്ഞ പിണ്ഡമുള്ള നക്ഷത്രങ്ങള്‍ ഈ സ്ഫോടനത്തിനു് ശേഷം തമോഗര്‍ത്തമായിത്തീരാം എന്നു് ശാസ്ത്രജ്ഞര്‍ മനസിലാക്കിയിട്ടുണ്ടു്. തമോഗര്‍ത്തങ്ങള്‍ സമീപത്തുണ്ടായിരിക്കാന്‍ സാദ്ധ്യതയുള്ള ഗ്രഹങ്ങളെയും മറ്റു നക്ഷത്രങ്ങളെയും ആകര്‍ഷിച്ചു് ഉള്ളിലാക്കാം. അങ്ങനെ തമോഗര്‍ത്തത്തിന്റെ പിണ്ഡം വര്‍ദ്ധിക്കാനിടയാകുകയും ചെയ്യാം. തമോഗര്‍ത്തങ്ങളെ കാണാനാവില്ലെങ്കിലും സമീപത്തുള്ള മറ്റു വസ്തുക്കളിലുള്ള  അവയുടെ പ്രഭാവം നമുക്കു് കാണാനാവും തമോഗര്‍ത്തങ്ങളുടെ സാന്നിദ്ധ്യമറിയാനുള്ള മാര്‍ഗം ഇതുമാത്രമാണു്.

ശക്തമായ ഗുരുത്വാകര്‍ഷണമണ്ഡലം കാരണം തമോഗര്‍ത്തത്തിനു് സമീപമെത്തുന്ന വലിയ വസ്തുക്കളുടെ ഓരോ ഭാഗത്തും വ്യത്യസ്ത ദിശകളിലുള്ള ബലങ്ങളായിരിക്കും അനുഭവപ്പെടുക. അതായതു് വസ്തുവിനെ തകര്‍ക്കുന്ന വിധത്തിലായിരിക്കും ബലങ്ങള്‍ അനുഭവപ്പെടുക. ഇതുമൂലം തമോഗര്‍ത്തത്തിലേക്കു് വീഴുന്ന വസ്തുക്കള്‍ ഛിന്നഭിന്നമായാണു് വീഴുക. അങ്ങനെ, തമോഗര്‍ത്തത്തിനു് ചുറ്റിലും പാറക്കഷണങ്ങളുടെയും പൊടിയുടെയും വാതകങ്ങളുടെയും ഒരു മേഘം തന്നെയുണ്ടാകും. ഇതെല്ലാം തമോഗര്‍ത്തത്തിലേക്കു് വീഴുന്ന പ്രക്രിയയില്‍ അവയുടെ ഊര്‍ജ്ജം വിദ്യുത്കാന്തതരംഗങ്ങളായി വികിരണം ചെയ്യുന്നു. അതില്‍നിന്നുതിരുന്ന എക്സ് രശ്മികളാണു് തമോഗര്‍ത്തത്തെ കണ്ടെത്താന്‍ ഉപയോഗിച്ചു വരുന്നതു്.

ഒരു തമോഗര്‍ത്തത്തിന്റെ ഫോട്ടോ എടുക്കാന്‍ ഇതുവരെ ആരും ശ്രമിച്ചിട്ടില്ല. പ്രകാശത്തിനെപ്പോലും വിഴുങ്ങുന്ന ഒരു വസ്തുവിന്റെ ചിത്രമെടുക്കുന്ന കാര്യം സ്വാഭാവികമായും ആരും ചിന്തിച്ചിട്ടുണ്ടാവില്ല. എന്നാല്‍ ഇപ്പോഴിതാ ആ ദിശയിലേക്കു് ചിലര്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ഇതിനായി ഇക്കഴിഞ്ഞ ജനുവരി 18-20 തീയതികളില്‍  അമേരിക്കയിലെ അരിസോണയിലെ (Arizona) ടക്സണില്‍ (Tucson) ശാസ്ത്രജ്ഞര്‍ ഒന്നിച്ചുകൂടിയിരുന്നു.

തമോഗര്‍ത്തത്തിന്റെ ഫോട്ടോ എടുക്കുക എന്നതു് തീരെ എളുപ്പമുള്ള കാര്യമല്ല. കാരണം, മുകളില്‍ വിശദീകരിച്ചതുപോലെ, അതില്‍ നിന്നു് പ്രകാശമൊന്നും വരില്ല. അതായതു് തമോഗര്‍ത്തങ്ങള്‍ അദൃശ്യ വസ്തുക്കളാണു്. ബഹിരാകാശത്തിന്റെ ഇരുട്ടില്‍ അതു് അലിഞ്ഞു ചേരുന്നു. സമീപത്തുള്ള മറ്റു വസ്തുക്കളിലുള്ള അവയുടെ പ്രഭാവം മാത്രമെ നമുക്കു് കാണാനാകൂ. ചുറ്റിലുമുള്ള ദ്രവ്യത്തെ മുഴുവനും അതു് ഉള്ളിലേക്കു് വലിച്ചെടുക്കുമ്പോള്‍ മുകളില്‍ സൂചിപ്പിച്ചതുപോലെ പൊടിയുടെയും വാതകങ്ങളുടെയും ഒരു മേഘമായാണു് അതെല്ലാം തമോഗര്‍ത്തത്തിലേക്കു് വീഴുന്നതു്. ഈ സമയത്തു് ആ പ്രദേശത്തു് ഒരുമാതിരി “ട്രാഫിക് ജാം ” ഉണ്ടാകുന്നു എന്നു് മാസച്ച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ (Mas­sa­chu­setts In­sti­tute of Tech­nol­o­gy) ഹേസ്റ്റാക്ക് ഒബ്സര്‍വേറ്ററിയുടെ (Haystack Observatory) അസിസ്റ്റന്റ് ഡയറക്‌ടര്‍ ഷെപ്പേര്‍ഡ് ഡോല്‍മാന്‍  (Shep­erd Doele­man) വിശദീകരിക്കുന്നു. ബാത്ടബ്ബിലെ വെള്ളം അടിയിലെ ദ്വാരത്തിലൂടെ പുറത്തേക്കു് ഒഴുകിപ്പോകുമ്പോള്‍ കറങ്ങിത്തിരിയുന്നതുപോലെ ഈ പദാര്‍ത്ഥമെല്ലാം, കറങ്ങിത്തിരിഞ്ഞാണു് തമോഗര്‍ത്തത്തിലേക്കു് വീഴുന്നതു്. ആ സമയത്തു് അതു് വല്ലാതെ ഞെങ്ങി ഞെരുങ്ങുകയും തത്ഫലമായി വല്ലാതെ ചൂടാകുകയും ചെയ്യുന്നു. അതു്  1000000000 (നൂറുകോടി) ഡിഗ്രി വരെ ചൂടാകാമെന്നു് അദ്ദേഹം പറയുന്നു. ഇത്രയും ചൂടാകുന്ന പദാര്‍ത്ഥം പ്രകാശം വികിരണം ചെയ്യും. അതു് ഉപയോഗിക്കാനാണു് ഡോല്‍മാനും കൂട്ടരും ശ്രമിക്കുന്നതു്. അതിനെ “തമോഗര്‍ത്തത്തിന്റെ നിഴല്‍” എന്നാണു് ഡോല്‍മാന്‍ വിളിക്കുന്നതു്. ഈ ചിത്രമെടുക്കുന്നതു് സ്വാഭാവികമായും വളരെ കഷ്ടമുള്ള കാര്യമാണു്. നമ്മുടെ നക്ഷത്രസമൂഹമായ ക്ഷീരപഥത്തിന്റെ മദ്ധ്യത്തിലുണ്ടെന്നു് കരുതപ്പെടുന്ന വലിയൊരു തമോഗര്‍ത്തത്തിന്റെ ചിത്രമാണു് ശാസ്ത്രജ്ഞര്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നതു്.

ഏതാണ്ടു് 26,000 പ്രകാശവര്‍ഷം (ഒരു പ്രകാശവര്‍ഷം = പ്രകാശം ഒരു വര്‍ഷം കൊണ്ടു് സഞ്ചരിക്കുന്ന ദൂരം = ഏകദേശം 946,073,04,72,580 കിലോമീറ്റര്‍) ദൂരെയാണു് അതു് സ്ഥിതിചെയ്യുന്നതു്. ഇതു് നമ്മുടെ സൂര്യനെക്കാള്‍ ഏതാണ്ടു് 400,00,00,000 (നാനൂറു് കോടി) ഇരട്ടി പിണ്ഡമുള്ളതാണെങ്കിലും വളരെയധികം  ഞെരുങ്ങിയിരിക്കുന്നതുകൊണ്ടും ഇത്രയേറെ ദൂരെ ആയതുകൊണ്ടും ചന്ദ്രന്റെ ഉപരിതലത്തിലിരിക്കുന്ന ഒരു നാരങ്ങയുടെ ചിത്രമെടുക്കുന്നതുപോലെയാണു് ഈ തമോഗര്‍ത്തത്തിന്റെ ചിത്രമെടുക്കുന്നതും. ഇതിനായി വളരെ വലിയൊരു ദൂരദര്‍ശിനി ആവശ്യമാണു് \dash\ ഭൂമിയുടെ അത്രതന്നെ വലുപ്പമുള്ള കണ്ണാടിയുള്ളൊരു ദൂരദര്‍ശിനി (വലിയ ദൂരദരദര്‍ശിനികളില്‍ ലെന്‍സിനു പകരം അവതല (concave) കണ്ണാടിയാണു് ഉപയോഗിക്കുന്നതു്.) – ഇത്രവലിയൊരു ദൂരദര്‍ശിനി നിര്‍മ്മിക്കുക എന്നതു് അസാദ്ധ്യമാണു്.

അതുകൊണ്ടു് മറ്റൊരു വിദ്യയാണവര്‍ ഉപയോഗിക്കാന്‍ പോകുന്നതു്. അമേരിക്കയിലെ ഹവായ് മുതല്‍ ദക്ഷിണധ്രുവം വരെ ഭൂമിയുടെ പല ഭാഗങ്ങളിലുള്ള 50 ദൂരദര്‍ശിനികള്‍ കൂട്ടിയിണക്കി ഫലത്തില്‍ ഭൂമിയുടെ വലുപ്പമുള്ള ഒരു ദൂരദര്‍ശിനി നിര്‍മ്മിക്കാനാണു് പരിപാടി ഇതിനെ സംഭവ ചക്രവാള ദൂരദര്‍ശിനി (Event Horizon Telescope) എന്നാണു് അവര്‍ വിളിക്കുന്നതു്. കാരണം തമോഗര്‍ത്തത്തിലേക്കു് പദാര്‍ത്ഥം വീഴുന്ന സമയത്തു് അതു് തമോഗര്‍ത്തത്തിനു ചുറ്റിലും അടിഞ്ഞുകൂടും എന്നു് മുകളില്‍ പറഞ്ഞല്ലോ. അങ്ങനെ അടിഞ്ഞുകൂടുന്ന പ്രദേശത്തെ സംഭവചക്രവാളം (Event Horizon) എന്നാണു് ജ്യോതിശ്ശാസ്ത്രജ്ഞര്‍ വിളിക്കുന്നതു്.

“ഇത്തരമൊരു പദ്ധതി നടത്താനാകുമെന്നു് അഞ്ചു വര്‍ഷം മുമ്പുപോലും ആരും വിശ്വസിക്കുമായിരുന്നില്ല​” എന്നു പറയുന്നു ഈ പദ്ധതിയുടെ പ്രധാന നടത്തിപ്പുകാരനായ ഡോല്‍മാന്‍ നമ്മുടെ നക്ഷത്രസമൂഹമായ ക്ഷീരപഥത്തിന്റെ മദ്ധ്യത്തില്‍ ഒരു വലിയ തമോഗര്‍ത്തമുണ്ടെന്നുള്ളതിനു് സൂചനകള്‍ മാത്രമാണു് നമുക്കു് ഇതുവരെ ലഭിച്ചിട്ടള്ളതു്. അതിന്റെ ചിത്രമെടുക്കാനായാല്‍ അതു് നേരിട്ടുള്ള തെളിവാകും എന്നു് ഡോല്‍മാന്‍ പറഞ്ഞു.

ഇത്ര കഷ്ടപ്പെട്ടു് തമോഗര്‍ത്തത്തിന്റെ ചിത്രമെടുക്കാന്‍ ശ്രമിക്കേണ്ട ആവശ്യമുണ്ടോ എന്നതു് പ്രസക്തമായ ചോദ്യമാണു്. ശാസ്ത്രീയ പഠനങ്ങളെയെല്ലാം നയിക്കുന്നതു് മനുഷ്യന്റെ സ്വാഭാവികമായ ജിജ്ഞാസയാണു്. അതിന്റെ ഭാഗം തന്നെയാണു് ഈ ശ്രമവും. നമ്മുടെ നക്ഷത്രവ്യൂഹത്തിലും പുറകത്തും ധാരാളം തമോഗര്‍ത്തങ്ങളുള്ളതിന്റെ സൂചനകള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ടു്. ക്ഷീരപഥത്തിന്റെ മദ്ധ്യത്തില്‍ ഒരു തമോഗര്‍ത്തമുണ്ടെന്നുള്ളതിനു് നല്ല തെളിവു് ലഭിച്ചാല്‍ മിക്ക നക്ഷത്രവ്യൂഹങ്ങളുടെയും മദ്ധ്യത്തില്‍ തമോഗര്‍ത്തങ്ങളുണ്ടെന്നുള്ള വിശ്വാസത്തിനു് അതു് ബലമേകും. നമ്മുടെ ശാസ്ത്രീയമായ അറിവു് പുരോഗമിക്കുന്നതു് ഇങ്ങനെയൊക്കെത്തന്നെയാണു്. ഇതെല്ലാം ആവശ്യമുണ്ടോ എന്നതു് സമൂഹം തീരുമാനിക്കേണ്ട കാര്യമാണു്. ലോകത്തില്‍ ഭക്ഷണമൊ ശുദ്ധജലമൊ ലഭിക്കാതെ കഷ്ടപ്പെടുന്ന കോടിക്കണക്കിനു് ജനങ്ങളുള്ളപ്പോള്‍ അത്തരം കാര്യങ്ങള്‍ക്കല്ലേ പണം ചെലവിടുന്നതില്‍ പ്രാധാന്യം നല്‍കേണ്ടതു് എന്ന ചോദ്യം പ്രസക്തമാണു്. അതേസമയം, യുദ്ധാവശ്യങ്ങള്‍ക്കു് ലോകം ചെലവിടുന്നതിന്റെ ചെറിയൊരു ഭാഗമുണ്ടെങ്കില്‍ ഇതിനെല്ലാം തികയും എന്ന വസ്തുതയും നിലനില്‍ക്കുന്നു.